ഗോളും അസിസ്റ്റുകളുമായി നിറഞ്ഞാടി നെയ്മർ; യുറുഗ്വായ്യെ 4-1ന് തകർത്ത് ബ്രസീൽ
text_fieldsമനൗസ് (ബ്രസീൽ): ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ യുറുഗ്വായ്യെ 4-1ന് തകർത്ത് ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തി. ഒരുഗോളും രണ്ട് അസിസ്റ്റുമായി സൂപ്പർ താരം നെയ്മർ മത്സരം തേന്റതാക്കി മാറ്റി. മത്സരത്തിൽ നെയ്മർ 70 അന്താരാഷ്ട്ര ഗോളുകൾ തികച്ചു.
ബ്രസീലിനായി റാഫീഞ്ഞ (18, 58) ഇരട്ടഗോൾ നേടി. ഗബ്രിയേൽ ബാർബോസയാണ് ബ്രസീലിന്‍റെ മൂന്നാമത്തെ ഗോൾ സ്കോറർ. സൂപ്പർ താരം ലൂയി സുവാരസിന്‍റെ വകയായിരുന്നു യുറുഗ്വായ്യുടെ ആശ്വാസ ഗോൾ.
തുടർ വിജയങ്ങൾക്ക് ശേഷം സമനില കുടുങ്ങിയതിന് പിന്നാലെയായിരുന്നു ബ്രസീൽ യുറുഗ്വായ്ക്കെതിരെ കൊമ്പ്കോർക്കാനെത്തിയത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ പുലർത്തിപ്പോന്ന പോസിറ്റീവ് കളിയുടെ പ്രതിഫലനമായിരുന്നു 10ാം മിനിറ്റിലെ നെയ്മറിന്റെ ഗോൾ. എതിർ ടീം ഡിഫൻഡർമാർക്കിടയിലൂടെ ഫ്രെഡാണ് നെയ്മറിന് പന്ത് വെച്ച് നൽകിയത്. രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ പന്ത് വലയിലാക്കി നെയ്മർ തന്‍റെ 70ാം ഗോൾനേട്ടം ആേഘാഷിച്ചു.
വെറും എട്ടുമിനിറ്റിന് ശേഷം റാഫീഞ്ഞ ലീഡ് ഇരട്ടിയാക്കി. റീബൗണ്ടായി വന്ന നെയ്മറിന്റെ ഷോട്ടാണ് റാഫീഞ്ഞ ലക്ഷ്യത്തിലെത്തിച്ചത്. ആദ്യപകുതിയിൽ ബ്രസീൽ 2-0ത്തിന്‍റെ ലീഡ് നേടി.
56ാം മിനിറ്റിൽ യുറുഗ്വായ് താരം എഡിൻസൺ കവാനി സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡായി. മികച്ചൊരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ബ്രസീലിന്‍റെ മൂന്നാം ഗോളിന്‍റെ പിറവി. ഗബ്രിയേൽ ജീസസ് നൽകിയ പന്ത് നെയ്മർ റാഫീഞ്ഞക്ക് നൽകി. ബോക്സിലേക്ക് ഓടിക്കയറിയ റാഫീഞ്ഞ പന്ത് യുറുഗ്വായ് പോസ്റ്റിന്‍റെ ഇടത്ത് പാർശ്വത്തിലേക്ക് അടിച്ച് ഗോളാക്കി.
77ാം മിനിറ്റിലായിരുന്നു സുവാരസിന്‍റെ ഫ്രീകിക്ക് ഗോൾ. 25 വാരയകലെ നിന്ന് സുവാരസ് തൊടുത്തുവിട്ട ഫ്രീകിക്ക് തടുക്കാൻ എഡേഴ്സനായില്ല. 83ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു ബാർബോസയുടെ ഗോൾ. നെയ്മർ ഉയർത്തി നൽകിയ പന്ത് ബാർബോസ വലയിലാക്കിയെങ്കിലും ഓഫ്സൈഡ് ആണോയെന്ന് സംശയം ഉണർന്നു. എന്നാൽ വാർ പരിശോധനയിൽ ഗോൾ അനുവദിച്ചു.
ജയത്തോടെ ലാറ്റിനമേരിക്കയിൽ ആറ് പോയിന്‍റ് ലീഡുമായി ബ്രസീൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 11 മത്സരങ്ങളിൽ നിന്ന് ബ്രസീലിന് 31പോയിന്‍റായി. 25 പോയിന്‍റുമായി അർജന്റ്നയാണ് രണ്ടാമത്. 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി ഇക്വഡോറാണ് മൂന്നാമത്.
വെള്ളിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ അർജന്‍റീന പെറുവിനെ 1-0ത്തിന് തോൽപിച്ചിരുന്നു. ലോതാരോ മർട്ടിനസാണ് ടീമിന്‍റെ ഏക ഗോൾ നേടിയത്. ലാറ്റിനമേരിക്കയിലെ മറ്റ് മത്സരങ്ങളിൽ ബൊളീവിയ 4-0ത്തിന് പാരഗ്വായ്യെ തകർത്തു. ചിലെ വെനിസ്വേലയെ 3-0ത്തിന് തോൽപിച്ചപ്പോൾ കൊളംബിയയെ ഇക്വഡോർ ഗോൾരഹിത സമനിലയിൽ തളച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.