'നെയ്മറാണെന്റെ ചങ്ക്; പാരിസിലേക്കുള്ള കൂടുമാറ്റത്തിൽ അവൻ വഹിച്ചത് സുപ്രധാന പങ്ക്', മനസ്സുതുറന്ന് മെസ്സി
text_fieldsപാരിസ്: ബാഴ്സലോണയിൽനിന്ന് പി.എസ്.ജിയിലേക്കുള്ള തന്‍റെ കൂടുമാറ്റത്തിൽ ഉറ്റ സുഹൃത്തായ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ലയണൽ മെസ്സി. പാരിസിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിൽ പ്രധാനമായ പല കാര്യങ്ങളും നെയ്മറുടെ ഭാഗത്തുനിന്നാണെന്നും മെസ്സി പുതിയ ക്ലബിന്‍റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
'ഞങ്ങൾ വീണ്ടും ഒന്നിച്ചിരിക്കുന്നു. നെയ്മറിനും മറ്റു ടീമംഗങ്ങൾക്കുമൊപ്പം നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. ഞാൻ പാരിസിലെത്തുന്നതിൽ നെയ്മർ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്' -മെസ്സി പറഞ്ഞു.
പി.എസ്.ജിയിലേക്ക് ചേക്കേറുന്നതിൽ കോച്ച് മൗറിഷ്യോ പോഷെറ്റിനോയും പങ്കു വഹിച്ചതായി മെസ്സി പറഞ്ഞു. 'ഞങ്ങൾ രണ്ടുപേരും അർജന്‍റീനക്കാരാണെന്നത് ഏറെ സഹായകമായി. ഒരുപാടു കാലമായി അദ്ദേഹത്തെ എനിക്കറിയാം. ഞങ്ങൾ എല്ലായ്പോഴും നല്ല രീതിയിൽ പോകുന്നവരാണ്. ഇങ്ങനെയൊരു കൂടുമാറ്റം സാധ്യമാകുമെന്നറിഞ്ഞ ഉടൻതന്നെ ഞാൻ അദ്ദേഹത്തോട് നേരിട്ട് കാര്യങ്ങൾ സംസാരിച്ചിരുന്നു' -മെസ്സി പറഞ്ഞു.
ഇറ്റാലിയൻ മിഡ്ഫീൽഡർ മാർകോ വെറാറ്റിയുമൊത്ത് ഒന്നിച്ച് കളിക്കാൻ കഴിയുന്നതിലും മെസ്സി സന്തോഷം പ്രകടിപ്പിച്ചു. 'വെറാറ്റി ബാഴ്സലോണയിലെത്തുമെന്ന് ഒരുപാടുകാലം ആഗ്രഹിച്ചിരുന്നു. എന്നാൽ, അതിന്‍റെ വിപരീത ദിശയിൽ ഇപ്പോൾ ഞങ്ങൾ ഒന്നിക്കുന്നു-ഞാൻ ഇവിടെ വന്ന് അേദ്ദഹത്തോടൊപ്പം കളിക്കാൻ പോകുന്നു. വെറാറ്റി ഒരു പ്രതിഭാസമാണ്. പി.എസ്.ജിയിൽ ഓരോ പൊസിഷനിലും ലോകത്തെ മികച്ച താരങ്ങളാണ് അണിനിരക്കുന്നതെന്നും മെസ്സി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.