'വർഷങ്ങളോളം ബാഴ്സക്കൊപ്പമായിരുന്നു, ഇപ്പോൾ എല്ലാം മാറി'; മെസ്സിയെ പിന്തുണച്ച് നെയ്മർ
text_fieldsകഴിഞ്ഞ സീസണിൽ ഫോം കണ്ടെത്താൻ പാടുപെട്ട സുപ്പർതാരം ലയണൽ മെസ്സിക്ക് പിന്തുണയുമായി സഹതാരം നെയ്മർ.
സ്പാനിഷ് ക്ലബ് ബാഴ്സലോണക്കുവേണ്ടി വർഷങ്ങളോളം പന്തുതട്ടിയ താരം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലുള്ള കാലതാമസമാണ് മെസ്സിയുടെ മോശം പ്രകടനത്തിനു പിന്നിലെന്ന് ബ്രസീലിയൻ താരം പറയുന്നു. രണ്ടു പതിറ്റാണ്ടോളം ബാഴ്സക്കൊപ്പം കളിച്ച മെസ്സി, 2021 സമ്മർ ട്രാൻസ്ഫറിലാണ് ഫ്രഞ്ച് കബ്ലിലേക്ക് കൂടുമാറുന്നത്. സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് താരവുമായുള്ള കരാർ പുതുക്കാൻ കഴിയാതെ വന്നതോടെയാണ് മെസ്സി ഫ്രീ ട്രാൻസ്ഫറിൽ പി.എസ്.ജിയിലെത്തുന്നത്.
പി.എസ്.ജിയിലെ തുടക്ക സീസണിൽ മെസ്സിക്ക് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. ഫ്രഞ്ച് ലീഗ് ഉൾപ്പെടെ എല്ലാ ചാമ്പ്യൻഷിപ്പുകളിൽനിന്നുമായി 11 ഗോളുകളാണ് സമ്പാദ്യം. 15 ഗോളുകൾക്ക് വഴിയൊരുക്കി. ബാഴ്സയിലെ താരത്തിന്‍റെ പ്രകടനവുമായി നോക്കുമ്പോൾ ആരാധകരെ നിരാശപ്പെടുത്തുന്നതാണിത്.
ബാഴ്സ വിട്ടതും പുതിയ അന്തരീക്ഷവുമാണ് പി.എസ്.ജിയിലെ തുടക്ക സീസണിൽ താരത്തിന്‍റെ പ്രകടനത്തെ ബാധിച്ചത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും താരം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടെന്നും പി.എസ്.ജി മെസ്സിക്ക് സ്വന്തം വീടുപോലെയാണെന്നും നെയ്മർ പറഞ്ഞു. ഒരു സ്പോർട്സ് മാസികക്ക് നൽകിയ അഭിമുഖത്തിലാണ് നെയ്മർ അർജന്‍റീനൻ താരത്തെ പിന്തുണച്ച് സംസാരിച്ചത്.
'എനിക്ക് ലിയോയെ വളരെക്കാലമായി അറിയാം. പരിശീലനത്തിൽ അദ്ദേഹത്തെ കൂടുതൽ സഹായിക്കാൻ എനിക്ക് കഴിഞ്ഞു. വർഷങ്ങളോളം ബാഴ്‌സലോണയിൽ കളിച്ചതിനാൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നത് ഏറെ പ്രയാസകരമാണ്. ഇപ്പോൾ അവനും കുടുംബവും എല്ലാം മാറിയിരിക്കുന്നു' -നെയ്മർ പറഞ്ഞു.
പുതിയ സീസണിൽ ഫ്രഞ്ച് ലീഗിലെ ആറു മത്സരങ്ങളിൽനിന്നായി താരം മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. നിരവധി ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.