'ജയിച്ച' കളി കൈവിട്ട് അർജന്‍റീന; അപരാജിത കുതിപ്പുമായി ബ്രസീൽ
text_fieldsജയിച്ച കളി അവസാന മിനുറ്റിൽ കൈവിട്ട അർജന്‍റീനക്ക് ലോകകപ്പ് യോഗ്യത മത്സരത്തിൽ വീണ്ടും സമനില. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു നീലക്കുപ്പായക്കാർ ജയം അടിയറവ് വെച്ചത്.
മത്സരത്തിന്‍റെ മൂന്നാം മിനുറ്റിൽ തന്നെ കൊളംബിയൻ വലകുലുക്കി അർജന്‍റീന അതി ഗംഭീരമായാണ് മത്സരം തുടങ്ങിയത്. ഫ്രീകിക്കിന് തലവെച്ച് റെമേറോയാണ് ഗോൾ കുറിച്ചത്. എട്ടാംമിനുറ്റിൽ വീണുകിട്ടിയ അവസരം വലയിലെത്തിച്ച് പരേദസ് അർജന്‍റീനയുടെ ലീഡ് വർധിപ്പിച്ചു.
എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന കൊളംബിയയുടെ ശ്രമങ്ങൾക്ക് 51ാം മിനുറ്റിൽ ഫലം കണ്ടു. ആശ്വാസമായി ലഭിച്ച പെനൽറ്റി വലയിലേക്ക് എത്തിച്ച് ലൂയിസ് മൂറിയൽ കൊളംബിയയുടെ ആദ്യ ഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ 94ാം മിനിറ്റിലായിരുന്നു അർജന്‍റീനയുടെ ഹൃദയം തകർത്ത് മിഗ്വൽ ബോർജയുടെ സമനിലഗോളെത്തിയത്. ആറുകളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ് പട്ടികയിൽ രണ്ടാമതാണ്. മൂന്ന് ജയവും മൂന്ന് സമനിലയുമാണ് അർജന്‍റീനയുടെ സമ്പാദ്യം.
അനായാസം ബ്രസീൽ
പരഗ്വായെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ തെക്കനമേരിക്കൻ ഗ്രൂപ്പിൽ ബഹുദൂരം മുന്നിലെത്തി. നാലാം മിനിറ്റിൽ തന്നെ ഗോളടിച്ച സൂപ്പർ താരം നെയ്മർ തന്‍റെ ഉജ്ജ്വല ഫോം തുടർന്നതാണ് ബ്രസീലിന് തുണയായത്.
കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും നെയ്മർ തിളങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിന്യോ എന്നിവരെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയാണ് ബ്രസീൽ കളി തുടർന്നത്. മത്സരം കൈവിടാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളിലേക്ക് ലക്ഷ്യം നേടാൻ പരഗ്വായ്ക്കായില്ല.
ഇഞ്ചുറി ടൈമിൽ ലൂക്കാസ് പക്വിറ്റയാണ് വിജയമുറപ്പിച്ച് ബ്രസീലിനായി രണ്ടാം ഗോൾ അടിച്ചത്. ആറുമത്സരങ്ങളിൽ നിന്നും ആറും ജയിച്ച ബ്രസീൽ 18 പോയന്‍റുമായി ഗ്രൂപ്പിൽ ബഹുദൂരം മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.