നെയ്മറിന്റെ അരങ്ങേറ്റം ഇന്നുണ്ടാകുമോ..?; ആവേശകൊടുമുടിയിൽ റിയാദ്
text_fieldsറിയാദ്: ഒരു മാസത്തോളമായുള്ള അൽഹിലാൽ ആരാധകരുടെ കാത്തിരിപ്പിന് വിരമമാകുന്നു. ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ റിയാദിൽ തിരിച്ചെത്തി. സൗദി പ്രൊലീഗിൽ ഇന്ന് നടക്കുന്ന അൽ റിയാദുമായുള്ള പോരാട്ടത്തിൽ നെയ്മർ അൽഹിലാലിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30 നാണ് പോരാട്ടം.
ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കറെ അൽഹിലാൽ സ്വന്തമാക്കിയിട്ട് ഒരുമാസം പിന്നിട്ടിട്ടും അരങ്ങേറ്റ മത്സരത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ലോകകപ്പ് യോഗ്യത മത്സരം കളിക്കാൻ ബ്രസീലിലേക്ക് മടങ്ങിയ നെയ്മർ വ്യാഴാഴ്ച വൈകുന്നേരമാണ് തിരിച്ചെത്തിയത്. രാത്രി ഏഴുമണിയോടെ ടീമിനൊപ്പം ചേർന്ന് പരിശീലന സെഷനിൽ പങ്കെടുക്കുകയും ചെയ്തു.
പരിക്ക് മാറി നെയ്മർ മിന്നും ഫോമിൽ തിരിച്ചെത്തിയത് അൽഹിലാൽ ആരാധകർ ആവേശത്തിലാക്കിയിട്ടുണ്ട്. ബൊളീവിയെയും പെറുവിനെയും യോഗ്യത മത്സരങ്ങളിൽ പരാജയപ്പെടുത്തിയ ബ്രസീൽ ടീമിനെ വിജയത്തിലേക്ക് നയിച്ചത് നെയ്മറായിരുന്നു.
ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്ത മത്സരത്തിൽ നെയ്മർ ഇരട്ട ഗോൾ നേടിയിരുന്നു. പെറുവിനെതിരായ മത്സരത്തിൽ നെയ്മറിന്റെ അസിസ്റ്റിൽ നിന്നാണ് വിജയഗോൾ പിറന്നതും. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡും മറികടന്നാണ് നെയ്മർ തിരിച്ചെത്തുന്നത്.
അന്താരാഷ്ട്ര ബ്രേക്കിന് മുൻപ് അൽഹിലാലിൽ അരങ്ങേറുമെന്ന് നേരത്തെ ക്ലബ് സൂചിപ്പിച്ചിരുന്നുവെങ്കിലും പരിശീലനത്തിനിടെ സംഭവിച്ച ചെറിയ പരിക്ക് നെയ്മറെ മാറ്റി നിർത്താൻ നിർബന്ധിതരാകുകയായിരുന്നു. ഇന്ന് രാത്രി റിയാദിൽ നടക്കുന്ന ഹോം മാച്ചിൽ സ്വന്തം കാണിക്കൾക്ക് മുൻപിൽ നെയ്മർ പന്തുതട്ടുമെന്ന് തന്നെയാണ് സൗദി മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
അതേ, സമയം നെയ്മർ റിയാദിൽ തിരിച്ചെത്തിയ ഉടൻ നടക്കുന്ന മത്സരമായത് കൊണ്ട് ഇറങ്ങാനിടയില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.