ഗുരുതര ഫൗളിൽ നെയ്മറിന് പരിക്ക്; പി.എസ്.ജിക്ക് ആശങ്ക
text_fieldsപാരിസ്: പി.എസ്.ജിയുടെ തോൽവിയും നെയ്മറിെൻറ പരിക്കുംകൊണ്ട് കണ്ണീരണിഞ്ഞ് പാർക് ഡി പ്രിൻസസിലെ പോരാട്ടം. ഫ്രഞ്ച് ലീഗ് വണ്ണിൽ ഒളിമ്പിക് ല്യോണിനെതിരെ പി.എസ്.സി 1-0ത്തിന് തോറ്റ കളി ആരാധകർക്ക് നോവാവുന്നത് നെയ്മറിെൻറ പരിക്കിെൻറ പേരിലാണ്. കളിയുടെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ ല്യോൺ മധ്യനിര താരം തിയാഗോ മെൻഡസിെൻറ മാരക ടാക്ലിങ്ങിലാണ് നെയ്മർ വീണത്.
പന്തുമായുള്ള കുതിപ്പിനിടെ, മെൻഡസി നിരങ്ങിനീങ്ങി ഫൗൾ ചെയ്തപ്പോൾ, 'ചവണ'ക്കിടയിൽ കുരുങ്ങിയ പോലെയായി നെയ്മർ. കണങ്കാലിന് മുകൾഭാഗമായിരുന്നു കടുത്ത ടാക്ലിങ്ങിൽപെട്ടത്. വേദനകൊണ്ട് പുളഞ്ഞ നെയ്മർ കണ്ണീരോടെ സ്ട്രെക്ചറിലേറിയാണ് കളം വിട്ടത്. പരിക്കിെൻറ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ പരിക്ക് ഗൗരവമുള്ളതാണോ എന്നറിയൂവെന്ന് പി.എസ്.ജി കോച്ച് തോമസ് ടുെചൽ അറിയിച്ചു. 'വാർ' പരിശോധനയിൽ ഫൗൾ ഗുരുതരമെന്ന് മനസ്സിലാക്കിയ റഫറി തിയാഗോ മെൻഡസിനെ ചുവപ്പുകാർഡ് നൽകി പുറത്താക്കി. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണയെ നേരിടാനിരിക്കെ സ്റ്റാർസ്ട്രൈക്കർക്ക് പരിക്കേറ്റത് പി.എസ്.ജിക്ക് ആശങ്കയായി.
മത്സരത്തിൽ ഒരു ഗോളിനാണ് പി.എസ്.ജി തോറ്റത്. കളിയുടെ 35ാം മിനിറ്റിൽ ടിനോ കഡ്വെറിെൻറ ഗോളിലായിരുന്നു ല്യോണിെൻറ അട്ടിമറി ജയം. തോൽവിയോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള പി.എസ്.ജിയുടെ അവസരം നഷ്ടമായി. ലില്ലെ, ല്യോൺ (29 പോയൻറ്) എന്നിവർക്കു പിന്നിൽ മൂന്നാമതാണ് (28) പി.എസ്.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.