ബ്രസീൽ ജഴ്സിയിൽ ഇനി നെയ്മറുണ്ടാകില്ലെ? സൂചന നൽകി താരം
text_fieldsക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോട് തോറ്റ് ഖത്തർ ലോകകപ്പില്‍നിന്ന് ബ്രസീല്‍ പുറത്തായതിനു പിന്നാലെ നെയ്മറിന്‍റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമായി. പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ കൂടി ബ്രസീല്‍ ജഴ്സിയിലുണ്ടാകുമോയെന്ന ചോദ്യത്തിനും ആരാധകർ ഉത്തരം തേടുകയാണ്.
ഇതിനിടെയാണ് അന്താരാഷ്ട്ര ഫുട്ബാൾ കരിയർ അവസാനിപ്പിക്കുകയാണെന്ന പരോക്ഷ സൂചന താരം നൽകിയത്. ദേശീയ ടീമിനായി ഇനിയും കളിക്കുമെന്നതിൽ നൂറു ശതമാനം ഉറപ്പുപറയാനാകില്ലെന്ന് നെയ്മർ പറയുന്നു. ഖത്തറിൽ ക്രൊയേഷ്യയോട് തോറ്റ് സെമി കാണാതെ ടീം പുറത്തായതിനു പിന്നാലെയാണ് പി.എസ്.ജി താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാൻ ദേശീയ ടീമിന്റെ വാതിലുകളൊന്നും അടക്കുന്നില്ല, പക്ഷേ ഞാൻ മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകാനാകില്ല. എനിക്കും ദേശീയ ടീമിനും ഏതാണ് ശരിയായത് എന്നതിനെ കുറിച്ച് അൽപം കൂടി ചിന്തിക്കേണ്ടതുണ്ട്' -വികാരധീനനായ നെയ്മർ പറഞ്ഞു.
ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ നേരത്തെ പുറഞ്ഞിരുന്നു. ഖത്തറിലേത് എന്റെ അവസാന ലോകകപ്പായിരിക്കും. രാജ്യത്തിനുവേണ്ടി കിരീടം നേടാന്‍ എന്റെ പരമാവധി ശ്രമിക്കും. എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണത്. ലോകകപ്പിനുശേഷം കളിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്നറിയില്ല എന്നുമായിരുന്നു അന്ന് നെയ്മർ വ്യക്തമാക്കിയത്.
ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതിലൂടെ ഗോൾ വേട്ടയിൽ നെയ്മർ ഇതിഹാസ താരം പെലെക്കൊപ്പമെത്തി. ബ്രസീലിനായി 77 ഗോളുകൾ. 92 മത്സരങ്ങളില്‍നിന്ന് പെലെ 77 ഗോള്‍ നേടിയപ്പോള്‍ 124 മത്സരങ്ങളില്‍നിന്നാണ് നെയ്മര്‍ 77 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.