സൂപ്പർതാരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്!
text_fieldsബ്രസീൽ സൂപ്പർതാരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടുമാറിയേക്കും. പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയാണ് താരത്തെ നോട്ടമിട്ട് അണിയറ നീക്കം സജീവമാക്കിയത്.
ലീഗ് വണ്ണിൽ മൊണോക്കോക്കെതിരായ നാണംകെട്ട തോൽവിക്കു പിന്നാലെ നെയ്മറും സഹതാരങ്ങളും തമ്മിൽ ഡ്രസിങ് റൂമിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കംപോസുമായും താരം വഴക്കിട്ടു. പിന്നാലെ താരത്തെ വിറ്റൊഴിവാക്കാൻ പി.എസ്.ജി ശ്രമങ്ങൾ തുടങ്ങിയതായി അഭ്യൂഹങ്ങളും ശക്തമായി. ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്‌ലി ഇതിനകം പാരിസിലെത്തി പി.എസ്.ജി മാനേജ്മെന്‍റുമായി കൂടിക്കാഴ്ച നടത്തിയതായി വിവിധ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെയ്മറെ വിൽക്കാൻ നേരത്തെ തന്നെ പി.എസ്.ജി നീക്കം നടത്തിയിരുന്നു. എന്നാൽ, വൻ തുക ശമ്പളം വാങ്ങുന്ന താരത്തെ സ്വീകരിക്കാൻ ഒരു ക്ലബും സന്നദ്ധമായില്ല. നിലവിൽ പി.എസ്.ജിയുമായി 2025 വരെ നെയ്മറിന് കരാറുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ താരം പി.എസ്.ജി വിട്ട് ഇംഗ്ലീഷ് ക്ലബിലേക്ക് ചേക്കേറിയേക്കും. നെയ്മറുടെ സാന്നിധ്യം ക്ലബിന് കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് ചെൽസി. കഴിഞ്ഞ രണ്ടു ട്രാൻസ്ഫർ വിൻഡോയിലുമായി 600 മില്യൺ പൗണ്ടാണ് ചെൽസി മുടക്കിയത്.
ക്ലബിന് പണത്തിന്‍റെ കാര്യത്തിൽ ഇനിയും പഞ്ഞമില്ല. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും മുൻനിരയിലുണ്ടാകുമ്പോൾ നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് പി.എസ്.ജി വിലയിരുത്തൽ. ചെൽസി താരം ഹക്കീം സിയേഷിനെ ജനുവരിയിൽ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിൽ പി.എസ്.ജിക്ക് കൈമാറാൻ ചെൽസി കരാറിൽ ഒപ്പുവെച്ചിരുന്നു.
എന്നാൽ, താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട രേഖകൾ ചെൽസി അധികൃതർ ഫ്രഞ്ച് ലീഗ് അധികൃതർക്ക് നൽകുന്നതിൽ വീഴ്ച വന്നതാണ് തിരിച്ചടിയായത്. ഇതും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.