പരിക്കൻ നെയ്മർ
text_fieldsപാരിസ്: നെയ്മറും പരിക്കും; സമീപകാലത്ത് ഏറെ തവണ ഒരുമിച്ച് ഉപയോഗിക്കപ്പെട്ട വാക്കുകൾ. ഇതിഹാസ താരങ്ങളുടെ ഗണത്തിലേക്കുയർന്ന ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും, അവരുടെ അതുല്യ പ്രതിഭക്കൊപ്പം അതിന് സാധ്യമായത് ഏറക്കുറെ പരിക്ക് മുക്തമായ കരിയർ കൊണ്ടുകൂടിയാണ്. ഇടക്കും തലക്കും ചെറിയ പരിക്കുകൾ മൂലം ചില മത്സരങ്ങൾ നഷ്ടമായിട്ടുണ്ടെന്നല്ലാതെ ഇരുവർക്കും ഏറെക്കാലം കളിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നിട്ടില്ല. എന്നാൽ, പ്രതിഭകൊണ്ട് അവർക്കൊപ്പമെന്ന് വിലയിരുത്തപ്പെട്ട നെയ്മറിനാകട്ടെ ഇത്രകാലമായിട്ടും അവരുടെ നിലവാരത്തിലേക്കുയരാനായിട്ടില്ല. അതിന് ഒരു പരിധിവരെ കാരണമായത് വിട്ടുമാറാത്ത പരിക്കും.
പാരിസ് സെന്റ് ജർമന് കളിക്കുന്ന നെയ്മറുടെ ഏറ്റവും പുതിയ പരിക്ക് കണങ്കാലിനാണ്. കഴിഞ്ഞമാസം 19ന് ഫ്രഞ്ച് ലീഗ് വണിൽ ലില്ലെക്കെതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കിൽ ശസ്ത്രക്രിയക്ക് വിധേയനാകാനിരിക്കുന്ന 31കാരന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും.
2017ൽ ലോക റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് ആറു സീസണിനിടെ നൂറിലധികം മത്സരങ്ങളാണ് പരിക്കുമൂലം നഷ്ടമായത്. ഇപ്പോഴത്തേതടക്കം നാലു പരിക്കുകൾ ദീർഘകാല ഇടവേളകളാണുണ്ടാക്കിയത്. 2018ലെ മെറ്റാറ്ററാസൽ (കണങ്കാലിൽനിന്ന് വിരലിലേക്കുള്ള എല്ലുകൾ) പരിക്ക് 16 കളികളും 2019ലെ സമാന പരിക്ക് 18 മത്സരങ്ങളും 2022ലെ കണങ്കാൽ പരിക്ക് 13 കളികളും താരത്തിന് നഷ്ടപ്പെടുത്തി. 9, 6, 5, 4 (നാലു തവണ) മത്സരങ്ങൾ നഷ്ടമാക്കിയ പരിക്കുകൾ വേറെയും.
ബ്രസീൽ ദേശീയ ടീമിനായി കളിക്കുമ്പോഴും നിരന്തര പരിക്കുകൾ നെയ്മറിന് പുത്തരിയല്ല. 2014 ലോകകപ്പിനിടെയും 2022 ലോകകപ്പിനിടെയും നെയ്മർക്ക് പരിക്കേറ്റിരുന്നു. നാലു സീസണുകൾ ബാഴ്സലോണയിൽ കളിച്ച കാലത്തും പരിക്ക് നെയ്മറിന്റെ കൂടപ്പിറപ്പായിരുന്നുവെങ്കിലും പി.എസ്.ജി കാലത്തെ അത്രയുണ്ടായിരുന്നില്ല. നാലു സീസണിനിടെ 30ഓളം മത്സരങ്ങളാണ് പരിക്കുമൂലം നെയ്മറിന് ബാഴ്സലോണയിൽ നഷ്ടമായത്. ബാഴ്സയിൽ നാലു സീസണിനിടെ നെയ്മർ 186 മത്സരം കളിച്ചിരുന്നു. നേടിയ ഗോളുകൾ 105. എന്നാൽ, ആറു സീസണിനിടെ 173 കളികൾ മാത്രമാണ് നെയ്മറിന് പി.എസ്.ജിയിൽ കളിക്കാനായത്. അതിൽ 118 ഗോളുകൾ സമ്പാദ്യമായുണ്ടെങ്കിലും കളിച്ച മത്സരങ്ങളെക്കാളേറെ നഷ്ടമായ മത്സരങ്ങളുടെ എണ്ണമാണ് താരത്തിന്റെ ആരാധകരിൽ ആധിയുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.