ഗോളടിച്ച് എംബാപ്പെ, നെയ്മർ, മെസ്സി; പി.എസ്.ജിക്ക് ആവേശ ജയം
text_fieldsഎംബാപ്പെ, നെയ്മർ, മെസ്സി ത്രയം ഗോളടിച്ച കളിയിൽ കരുത്തരായ ലിലെയെ വീഴ്ത്തി പി.എസ്.ജി. ആദ്യ 17 മിനിറ്റിനിടെ രണ്ടു വട്ടം വല കുലുക്കി മുന്നിലെത്തിയ ശേഷം മൂന്നെണ്ണം തിരിച്ചുവാങ്ങി തോൽവി ചോദിച്ചുവാങ്ങിയെന്ന് തോന്നിച്ച ശേഷമാണ് അവസാന മിനിറ്റുകളിലെ ഗോളുകളിൽ 4-3ന് പാരിസ് ടീം ജയവുമായി മടങ്ങിയത്.
മാന്ത്രിക സ്പർശമുള്ള ഇരട്ട ഗോളുമായി പി.എസ്.ജി നിരയിൽ അദ്ഭുത സാന്നിധ്യമായത് കിലിയൻ എംബാപ്പെ. 11ാം മിനിറ്റിലായിരുന്നു താരത്തിനു മാത്രം സാധ്യമായ ആദ്യ ഗോളെത്തുന്നത്. മൈതാന മധ്യത്തിൽനിന്ന് നെയ്മർ നൽകി പാസ് ഓടിപ്പിടിച്ച താരത്തെ പിടിച്ചുകെട്ടി മുന്നിൽ രണ്ടു പ്രതിരോധ താരങ്ങൾ. അത്യപൂർവ ടച്ചിൽ പന്ത് അവർക്കിടയിലൂടെ മുന്നിലേക്കിട്ട താരം ഓടിയെത്തിയ ഗോളിയെയും കടന്ന് നിലത്തുവീണ് വല കുലുക്കി. നാലു മിനിറ്റ് കഴിഞ്ഞ് വിറ്റിഞ്ഞ നൽകിയ പാസിൽ നെയ്മറും ലക്ഷ്യം കണ്ടു. എന്നാൽ, പിന്നീടെല്ലാം ലിലെ വരച്ച കളിയാണ് നടന്നത്. ഡയകിറ്റ്, ഡേവിഡ്, ബംബ എന്നിവർ മനോഹര ഗോളുകളുമായി കളി ലിലെക്കനുകൂലമാക്കി. എല്ലാം അവസാനിച്ചെന്നു തോന്നിച്ചേടത്ത് കളിയിൽ തിരിച്ചെത്തിയ പി.എസ്.ജിക്കായി 87ാം മിനിറ്റിൽ എംബാപ്പെ വീണ്ടും വല കുലുക്കി. കളി അവസാന വിസിലിനരികെയെത്തിയപ്പോഴാണ് 22 വാര അകലെനിന്ന് പി.എസ്.ജിക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. മെസ്സി എടുത്ത കിക്ക് വലതു പോസ്റ്റിലുരുമ്മി അകത്തുകയറി.
അതിനിടെ, പരിക്കേറ്റ് നെയ്മർ മടങ്ങിയത് പി.എസ്.ജിക്ക് തിരിച്ചടിയാകും. രണ്ടാം പകുതിയിലായിരുന്നു വലതു കാലിന് പരിക്കേറ്റ് നിലത്തുവീണത്. സ്ട്രച്ചറിൽ പുറത്തെത്തിച്ച താരത്തിന്റെ പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല.
ജയത്തോടെ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് പി.എസ്.ജി അഞ്ചു പോയിന്റ് ലീഡായി. മാഴ്സെയാണ് രണ്ടാമത്. മാഴ്സെ ഇതേ ദിവസം 3-2ന് തൂളുസിനെ വീഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഫ്രഞ്ച് കപ്പിലെ മത്സരത്തിൽ പി.എസ്.ജി പരാജയപ്പെട്ടിരുന്നു. ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ബയേണിനു മുന്നിലും ലീഗ് വണ്ണിൽ മൊണാക്കോയോടും തോൽവി സമ്മതിച്ചു. തോൽവിത്തുടർച്ചകളുടെ ഞെട്ടലിനിടെയാണ് പ്രതീക്ഷ നൽകുന്ന ജയം.
നെയ്മറിനു പുറമെ നൂനോ മെൻഡിസും പരിക്കുമായി കയറിയത് പി.എസ്.ജിക്ക് ക്ഷീണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.