ഇനി വെറും നെയ്മറല്ല, അൽ-നെയ്മർ; അൽ ഹിലാലിനോട് താരം ആവശ്യപ്പെട്ടത് വമ്പൻ സൗകര്യങ്ങൾ...
text_fieldsറിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പുവെച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2025 വരെയുള്ള രണ്ടുവർഷത്തെ കരാറിൽ 320 ദശലക്ഷം ഡോളർ (2600 കോടി) പാക്കേജാണ് മുൻ പി.എസ്.ജി സൂപ്പർ സ്ട്രൈക്കർക്ക് അൽഹിലാൽ നൽകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, കരാർ തുക അൽഹിലാൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പണം കൂടാതെ നിരവധി ആവശ്യങ്ങളും താരം ക്ലബിനു മുമ്പാകെ വച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ.
റിപ്പോർട്ടുകൾ അനുസരിച്ച് നെയ്മർ 510,000 യൂറോ വിലയുള്ള ആഡംബര കാറുകൾ അൽ ഹിലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെന്റ്‌ലി കോണ്ടിനെന്റൽ ജി.ടി, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്, ലംബോർഗിനി ഹുറാക്കാൻ എന്നീ അൾട്രാ ലക്ഷ്വറി കാറുകളാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തന്‍റെ ഒപ്പമുള്ളവർക്ക് താമസിക്കാൻ നാല് മെഴ്‌സിഡസ് ജി വാഗണുകളും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരുമിച്ച് സഞ്ചരിക്കാൻ ഒരു മെഴ്‌സിഡസ് വാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ കൂറ്റൻ സ്വിമ്മിങ് പൂളോടുകൂടിയ 25 മുറികളുള്ള ബംഗ്ലാവ്, പാചകക്കാർ, അഞ്ച് മുഴുവൻ സമയ തൊഴിലാളികൾ, സ്വകാര്യ വിമാനം എന്നിങ്ങനെ പോകുന്ന ബ്രസീൽ താരത്തിന്‍റെ ആവശ്യങ്ങൾ. തന്‍റെ ഹോട്ടൽ, റസ്റ്റോറന്റ് ബില്ലുകൾ ക്ലബ് നൽകണമെന്നും താരം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും ക്ലബ് ഭാരവാഹികൾ സ്ഥിരീകരിച്ചിട്ടില്ല.
നെയ്മർ പോകുമ്പോൾ പി.എസ്.ജിക്ക് ട്രാൻസ്ഫർ ഫീസായി 98 ദശലക്ഷം ഡോളർ ലഭിക്കും. നെയ്മറുമായി കരാർ ഒപ്പുവെച്ചതുൾപ്പെടെയുള്ള വിവരങ്ങൾ അൽഹിലാൽ ട്വിറ്ററിൽ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇഷ്ട നമ്പറായ പത്ത് തന്നെയാണ് നെയ്മർക്ക് നൽകിയത്. ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. ആറു വർഷത്തെ പി.എസ്.ജി കരിയറിൽ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്ജി വിടാൻ തീരുമാനിച്ച നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകൾക്കിടെയാണ് വൻതുകയ്ക്ക് അൽ ഹിലാൽ റാഞ്ചിയത്.
പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.