അതിനാടകീയം! ഒമ്പതു പേരുമായി കളിച്ച ടോട്ടൻഹാമിനെ വീഴ്ത്തി ചെൽസി (4-1); ജാക്സണ് ഹാട്രിക്
text_fieldsഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ നാടകീയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ ചെൽസിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. സെനഗാൾ താരം നിക്കോളസ് ജാക്സൺ ഹാട്രിക് നേടി.
സീസണിലെ ടോട്ടന്‍ഹാമിന്‍റെ ആദ്യ തോല്‍വിയാണിത്. ചെൽസിയുടെ നാലാം ജയവും സീസണിലെ മികച്ച പ്രകടനങ്ങളിലൊന്നും. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയിട്ടും രണ്ടു താരങ്ങൾ ചുവപ്പ് കണ്ട് പുറത്തായതോടെ ഒമ്പത് പേരിലേക്ക് ചുരുങ്ങിയതാണ് ടോട്ടാൻഹാമിന് തിരിച്ചടിയായത്. ജാക്സണ് പുറമെ, കോള്‍ പാല്‍മറും (35ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ ചെൽസിക്കായി ഗോൾ കണ്ടെത്തി.
സ്വീഡിഷ് വിങ്ങർ ഡെജാന്‍ കുലുസെവ്സ്‌കിയിലൂടെ മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ടോട്ടൻഹാം ലീഡെടുത്തു. പെപെ മാറ്റർ സാറാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, ബോക്സിനുള്ളിൽ എതിർ താരത്തെ ഫൗൾ ചെയ്തതിന് ക്രിസ്റ്റ്യന്‍ റൊമേറോ 33ാം മിനിറ്റിൽ ചുവപ്പ് കാർഡ് പുറത്തായതോടെ ടോട്ടൻഹാം പ്രതിരോധത്തിലായി. ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കോള്‍ പാല്‍മർ ലക്ഷ്യത്തിലെത്തിച്ച് ടീമിനെ ഒപ്പമെത്തിച്ചു.
ഒടുവില്‍ നാടകീയമായ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു. ഒമ്പത് തവണയാണ് ആദ്യ പകുതിയിൽ മാത്രം റഫറി വാറിന്‍റെ സഹായം തേടിയത്. നാലു ഗോളുകൾ ഓഫ്സൈഡിൽ കുരുങ്ങി. രണ്ടാം പകുതി തുടങ്ങിയതും രണ്ടാം മഞ്ഞകാർഡും വാങ്ങി പ്രതിരോധ താരം ഡെസ്റ്റിന് ഉഡോഗി (55ാം മിനിറ്റിൽ) കാളംവിട്ടതോടെ ടോട്ടന്‍ഹാം ഒമ്പത് പേരിലേക്ക് ചുരുങ്ങി.
ഇത് മൗറീഷ്യോ പൊച്ചെറ്റിനോയും സംഘവും ശരിക്കും മുതലെടുത്തു. 75ാം മിനിറ്റില്‍ ജാക്‌സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഇൻജുറി ടൈമിൽ (90+4, 90+7) രണ്ടു ഗോളുകൽ കൂടി നേടി ജാക്സാൻ ഹാട്രിക് പൂർത്തിയാക്കി. ചെൽസിക്ക് 4-1ന്‍റെ തകർപ്പൻ ജയവും. തുടര്‍തോല്‍വികളും സമനിലകളുമായി വിമർശനം ഏറ്റുവാങ്ങിയ ചെല്‍സിക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാകും.
അണ്‍ബീറ്റണ്‍ റണ്‍ നടത്തിയ ടോട്ടന്‍ഹാമിന് തോൽവി അപ്രതീക്ഷിത പ്രഹരമായി. 11 മത്സരങ്ങളില്‍നിന്ന് എട്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 26 പോയന്‍റുമായി രണ്ടാമതാണ് ടോട്ടന്‍ഹാം. 11 മത്സരങ്ങളിൽനിന്ന് 27 പോയന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. 15 പോയന്‍റുമായി ചെൽസി 10ാം സ്ഥാനത്തും. ഈമാസം 12ന് സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.