നൈജീരിയൻ താരം ചിബുസോർ അന്തരിച്ചു; മറഞ്ഞത് എൺപതുകളിലെ കൊൽക്കത്ത ക്ലബുകളുടെ ആവേശ താരം
text_fieldsകൊൽക്കത്ത: എൺപതുകളിൽ കൊൽക്കത്ത ക്ലബുകളുടെ ആവേശമായിരുന്ന നൈജീരിയൻ ഫുട്ബാൾ താരം ചിബുസോർ വാകൻമാ അന്തരിച്ചു. കളി അവസാനിപ്പിച്ച് പുരോഹിതനായ ചിബുസോറിന് 57 വയസ്സായിരുന്നു. നൈജീരിയയിലെ ആബയിൽ സ്വന്തം വസതിയിൽ പ്രഭാതനടത്തം കഴിഞ്ഞെത്തിയ ചിബുസോർ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചിബുസോർ മരണമടഞ്ഞതായി അറിയിച്ചത് അദ്ദേഹത്തിന്റെ മുൻ സഹതാരം എമേക എസുഗോയാണ്.
മോഹൻ ബാഗൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എന്നീ മുൻനിര ടീമുകൾക്കായി കളിച്ച ആദ്യകാല വിദേശ താരമായിരുന്നു ചിബുസോർ. ഇന്ത്യയിൽ പഠനത്തിനെത്തിയ ചിബുസോർ ആദ്യം ഈസ്റ്റ് ബംഗാളിലാണ് എത്തിയത്. പിന്നീട് മോഹൻ ബഗാനിലേക്കും മുഹമ്മദൻസിലേക്കും ചേക്കേറി. അക്കാലത്ത് ചീമ ഒകേരിയായിരുന്നു കൊൽക്കത്ത ക്ലബുകളിലെ അറിയപ്പെടുന്ന നൈജീരിയൻ താരം. എന്നാൽ, തന്റെ അസാമാന്യ ട്രിബ്ലിങ്, ഫിനിഷിങ് പാടവംകൊണ്ട് ചിബുസോറും ശ്രദ്ധേയ സാന്നിധ്യമായി മാറിയത് പെട്ടെന്നായിരുന്നു.
''അദ്ദേഹം മുഹമ്മദൻസിൽ എത്തുന്നത് എന്റെ കോച്ചിങ്ങിന്റെ ആദ്യ വർഷമായിരുന്നു. ആ വർഷം സേട്ട് നാഗ്ജി കപ്പ് ജയിച്ച് ഇന്ത്യയിലെ ചാമ്പ്യൻ ക്ലബുമായി'' -പ്രമുഖ കോച്ച് ഷബീർ അലി അനുസ്മരിച്ചു. ഗോവയിലെ ചർച്ചിൽ ബ്രദേഴ്സിനുവേണ്ടി 90കളുടെ അവസാനത്തിൽ കളിച്ച് ജഴ്സിയഴിച്ച ചിബുസോർ പിന്നീട് പുരോഹിതന്റെ കുപ്പായം സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.