റൊണാൾഡോയുടെ റെക്കോർഡ് തകർക്കുന്നതിൽ സന്തോഷമുണ്ടോ..?; മെസിയുടെ പ്രതികരണം ഇങ്ങനെ..!
text_fieldsഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസങ്ങളാണ് അർജന്റീനയുടെ ലയണൽ മെസിയും പോർചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും. റെക്കോർഡുകൾ പലതും വെട്ടിപ്പിടിച്ചും വിട്ടുകൊടുത്തും കൊണ്ടുകൊടുത്തുമെന്നപോലെ രണ്ട് പതിറ്റാണ്ടിലേറെയായി കളംഭരിക്കുന്നവരാണ് ഇരുവരും.
ഏഴ് ബാലൺ ഡി ഓർ പുരസ്കാരവും ആറ് യൂറോപ്യൻ ഗോൾഡൻ ഷൂവും നേടിയ ലയണൽ മെസി മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ ടോപ് സ്‌കോറർ എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരുന്നു.
റൊണാൾഡോയുടെ റെക്കോർഡ് തകർക്കുന്നത് തനിക്ക് പ്രധാനമാണോ എന്ന് ചോദിച്ച ഒരു വിദേശ മാധ്യമത്തോട് മെസിയുടെ മറുപടി ഇങ്ങനെയായിരുന്നു.
"ഇല്ല, കുറച്ച് മാത്രം. ഞാൻ മുമ്പ് പറഞ്ഞതുപോലെ, എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ, ഞാൻ ഇനി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അർജന്റീനയ്‌ക്കൊപ്പം എനിക്ക് നേടാൻ കഴിഞ്ഞ നേട്ടമാണ് എല്ലാത്തിലും വലുത്. ലോകകപ്പും, ചാമ്പ്യൻസ് ലീഗും ഉൾപ്പെടെയുള്ള ലോകകിരീടങ്ങൾ നേടാൻ ഭാഗ്യമുണ്ടായി."
കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പ് കിരീടത്തിലേക്ക് അർജന്റീനയെ നയിച്ചതും മെസിയായിരുന്നു. ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി മെസി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അതേസമയം, മെസിയും റൊണാൾഡോയും കൂടുവിട്ട് പറന്നതിനാൽ യൂറോപ്യൻ ഫുട്ബോൾ ആരാധകർ അടുത്ത സീസണിൽ നിരാശരായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽനസ്റിലെത്തി മിന്നും പ്രകടനമാണ് തുടരുന്നത്. പി.എസ്.ജിയിൽ നിന്ന് കൂടുമാറി അമേരിക്കയിലെ എം.എൽ.എസ് ടീമായ ഇന്റർ മിയാമിയിൽ പന്തുതട്ടാനൊരുങ്ങുകയാണ് ലയണൽ മെസി.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ടു താരങ്ങൾ ലോക ക്ലബ് ഫുട്ബാളിന്റെ ഈറ്റില്ലമായ യൂറോപ്പ് വിടുന്നത് വലിയക്ഷീണമാണ് അവർക്ക് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.