മെസ്സിയും റോണോയും ടോപ് ത്രീയിലില്ല; യൂറോപ്പിെൻറ കളിക്കാരൻ പിന്നെ ആരാകും?
text_fieldsയുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചു. വർത്തമാന കാൽപന്തിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ടോപ് ത്രീയിൽ നിന്നും പുറത്തായി. മൂന്നു പേരടങ്ങിയ ഫൈനലിസ്റ്റുകളിൽ ജർമ്മൻ, യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിലെ രണ്ട് താരങ്ങൾ ഇടംപിടിച്ചു.
ബയേണിന് വേണ്ടി ഗോളടിച്ചുകൂട്ടിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ടീമിന്റെ നായകനും ഗോളിയുമായ മാനുവൽ ന്യൂയറും ഇത്തവണ പരസ്പരം മത്സരിക്കും. കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിങ് മിഡ് ഫീൽഡർ കെവിന്‍ ഡിബ്രുയ്‌നെയും ഇടംപിടിച്ചിട്ടുണ്ട്. വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ പിന്തുണയുമായി ഡിബ്രുയ്‌നാണ് മുമ്പിലുള്ളത്. ലെവൻഡോസ്കിയും ന്യൂയറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
ബാഴ്സലോണയുടെ അർജന്റീനിയൻ സൂപ്പർതാരം മെസ്സിയാണ് പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ നാലാമൻ. യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാ ലിസ്റ്റിൽ പത്താമനാണ്. നെയ്മർ (പി.എസ്.ജി), തോമസ് മുള്ളർ (ബയേൺ മ്യൂണിക്), കിലിയൻ എംബാപ്പെ (പി.എസ്.ജി), തിയാഗോ അൽകാൻഡ്ര (ബയേൺ- നിലവിൽ ലിവർപൂൾ), ജോഷ്വ കിമ്മിച് (ബയേൺ), എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവർ.
മികച്ച വനിതാ താരങ്ങളുടെ ചുരുക്ക പട്ടികയിലുള്ളത് ലൂസി ബ്രോണ്‍സ്, പെനില്ലെ ഹാര്‍ഡര്‍, വെന്‍ഡി റെനാര്‍ഡ് എന്നിവരുമാണ്. ഒക്ടോബര്‍ ഒന്നിന് ആരാണ് താരങ്ങളിൽ താരമെന്ന് അറിയാം.
കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയുടെ ഗ്രൂപ്ഘട്ടത്തില്‍ പങ്കെടുത്ത 80 ക്ലബ്ബുകളുടെ കോച്ചുമാരും യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ മികച്ച പുരുഷ താരങ്ങളെ നിര്‍ദേശിച്ചത്. പിന്നാലെ 2019-20ലെ മികച്ച പുരുഷ, വനിതാ താരങ്ങളുടെ ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിടുകയായിരുന്നു. അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തിന്റെ പ്രഖ്യാപനച്ചടങ്ങിലായിരിക്കും മികച്ച പുരുഷ, വനിതാ താരങ്ങളെ പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.