കളിയാവേശത്തിൽ ആരും ഇവിടെ പുറത്തല്ല: പ്രശംസനേടി സ്റ്റേഡിയങ്ങളിലെ സെൻസറി റൂം പരീക്ഷണങ്ങൾ
text_fieldsദോഹ: ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും കളിയുടെ ആവേശത്തോടൊപ്പം കൂട്ടിച്ചേർക്കുകയാണ് ഖത്തർ ഏഷ്യൻ കപ്പ്. ലോകകപ്പ് ഫുട്ബാൾ മാതൃകയിൽ തന്നെ ഭിന്നശേഷിക്കാർക്കും, കാഴ്ചച വൈകല്യമുള്ളവർക്കുമെല്ലാം ഫുട്ബാളിന്റെ ആസ്വാദനം സാധ്യമാക്കുന്ന സെൻസറി റൂമുകളുടെ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. സെൻസറി ആവശ്യമുള്ള ആരാധകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ എ.എഫ്.സി ഏഷ്യൻ കപ്പ് ആവേശത്തിന്റെ ഭാഗമാകാൻ സ്റ്റേഡിയങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച മുറികൾവഴി കഴിയുന്നു. അൽ ബെയ്ത്ത്, എജുക്കേഷൻ സിറ്റി, ലുസൈൽ സ്റ്റേഡിയങ്ങളിലാണ് പ്രാദേശിക സംഘാടകരായ എൽ.ഒ.സി സെൻസറി റൂമുകൾ സജ്ജമാക്കിയിരിക്കുന്നത്. വിദഗ്ധരായ ജീവനക്കാർക്കൊപ്പം ശാന്തമായ അന്തരീക്ഷത്തിൽ അസിസ്റ്റീവ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് റൂമുകൾ നിയന്ത്രിക്കുന്നത്.
2022 ഫിഫ ലോകകപ്പിൽ ആദ്യമായി അവതരിപ്പിച്ച സെൻസറി റൂമുകൾ നൽകിയ മികച്ച പ്രതികരണം സംഘാടകരെ ഏഷ്യൻ കപ്പിലും സെൻസറി റൂമുകൾ സജ്ജമാക്കാൻ പ്രചോദിപ്പിക്കുകയായിരുന്നു. എല്ലാ ആരാധകർക്കും ടൂർണമെന്റ് മികച്ച അനുഭവമാക്കുക എന്ന സംഘാടകരുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
എല്ലാ ആരാധകർക്കും ആസ്വദിക്കാവുന്ന ഒരു ടൂർണമെന്റ് നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സെൻസറി റൂമുകളെന്ന് എൽ.ഒ.സി സസ്റ്റൈനബിലിറ്റി കമ്യൂണിക്കേഷൻ, സ്റ്റേക്ക്ഹോൾഡർ മാനേജരായ ജാസിം അൽ ജെയ്ദ പറഞ്ഞു. ഫുട്ബാൾ ആസ്വദിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സെൻസറി ആവശ്യമുള്ള ആരാധകർക്ക് സൗകര്യപ്രദമായ അന്തരീക്ഷത്തിലിരുന്ന് സ്റ്റേഡിയം അനുഭവത്തിന്റെ എല്ലാ ആവേശവും ആസ്വദിക്കാൻ സെൻസറി റൂമുകൾ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സരദിവസങ്ങളിൽ നിരവധി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മത്സരത്തിനു മുമ്പും ശേഷവും സെൻസറി റൂം ആക്സസ് ചെയ്യാൻ കഴിഞ്ഞു. നിയന്ത്രിത ലൈറ്റിങ്ങും സംവേദനാത്മക പ്രൊജക്ഷനുകളും സെൻസറി റൂമുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
സെൻസറി ആവശ്യങ്ങളുള്ള കുട്ടികളെ ഫുട്ബാൾ ആരാധക സമൂഹത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഇത്തരം സെൻസറി റൂമുകളെന്ന് സ്പെഷൽ എജുക്കേഷൻ അധ്യാപികയായ സോണിയ ബെസ്ബെസ് പറഞ്ഞു.
ഓട്ടിസം പോലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിലൂടെ അവരുടെ വളർച്ചയിലും വികാസത്തിലും അത് വലിയ പങ്ക് വഹിക്കുമെന്നും ബെസ്ബെസ് പറഞ്ഞു.
സെൻസറി റൂമുകൾക്ക് പുറമെ അന്ധരും ഭാഗിക കാഴ്ചയുള്ളവരുമായ ആരാധകർക്കായി അറബി ഭാഷയിൽ ഓഡിയോ വിവരണാത്മക കമന്ററിയും എൽ.ഒ.സി വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ സ്റ്റേഡിയങ്ങളിലും വീൽചെയർ പ്രവേശിപ്പിക്കാവുന്ന സീറ്റുകളും പരിമിത ചലനശേഷിയുള്ള ആരാധകർക്കുള്ള ഇരിപ്പിട ഓപ്ഷനുകളും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.