മെസ്സി വാഴും...അമേരിക്ക; വീണ്ടും ഇരട്ടഗോൾ, ഇന്റർ മയാമിക്ക് ഉജ്ജ്വല ജയം
text_fieldsഫ്ലോറിഡ: കരിയറിന്റെ അവസാനം മെസ്സി വിശ്രമത്തിനായി തിരഞ്ഞെടുത്ത സ്ഥലമാണ് അമേരിക്കയെന്ന തോന്നലുകൾക്ക് ഇനി അധികം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. അമേരിക്കൻ മണ്ണിലെത്തിയത് മുതൽ ഇതിഹാസതാരത്തിന്റെ മാന്ത്രിക ബൂട്ടുകൾ അത്ഭുതപ്പെടുത്തുകയാണ്. ലീഗ്സ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇരട്ടഗോൾ നേടിയ മെസ്സിയുടെ ബലത്തിലാണ് ഇന്റർമയാമി റൗണ്ട് ഓഫ് 16 ലേക്ക് കുതിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്റർമയാമിയുടെ ജയം.
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഇടംകാലൻ വോളിയിലൂടെ മെസ്സി വലയിലേക്ക് എത്തിക്കുകയായിരുന്നു. 17ാം മിനുട്ടിൽ അറോഹോ വിലിഷസിലൂടെ ഒർലാൻഡോ മറുപടി നൽകി(1-1).
51ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി മയാമി സ്ട്രൈക്കർ ജോസഫ് മാർട്ടിനസ്സ് ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡെടുത്തു. 72-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. റോബർട്ട് ടെയ്‌ലറുടെ അസിസ്റ്റിലൂടെ മാർട്ടിനെസാണ് മെസ്സിക്ക് പന്ത് കൈമാറിയത്. വലയുടെ ഇടത് മൂലയിൽ ഒരു വലൻകാലൻ ഷോട്ട്. അതോടെ ഒർലാൻഡോയുടെ തോൽവി പൂർണമായി.
ഇൻർ മയാമിക്കായി മെസ്സി മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചുഗോളാണ് നേടിയത്. കഴിഞ്ഞ ജൂലൈ 22 ന് ക്രൂസ് അസ്യൂളിനെതിരെ അരങ്ങേറ്റം കുറിച്ച മെസ്സി അവസാന മിനുറ്റിൽ ഗോൾ നേടിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. രണ്ടാം മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ രണ്ടുഗോൾ നേടിയ മെസ്സി ഇന്റർമയാമിയെ നാല് ഗോളിന്റെ ഗംഭീര ജയം സമ്മാനിച്ചിരുന്നു. സ്പാനിഷ് ഫുട്ബാളറും ബാഴ്സയിൽ മെസ്സിയുടെ സഹതാരവുമായിരുന്ന ജോർഡി ആൽബ ഇന്ന് ഇന്റർ മയാമിക്കായി ഇന്ന് അരങ്ങേറ്റം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.