വിജയക്കുതിപ്പിന്റെ സമ്മർദമില്ല; 2014 ടീമും 2022 ടീമും ഏറെ സാമ്യം -മെസ്സി
text_fieldsദോഹ: 2014ലെ ബ്രസീൽ ലോകകപ്പ് ഫൈനലിലെത്തിയ അർജൻറീന ടീമും 2022 ലോകകപ്പിന് തിരഞ്ഞെടുത്ത ടീമും തമ്മിൽ സാമ്യതകളേറെയാണെന്ന് ഇതിഹാസ താരവും ആൽബിസെലസ്റ്റകളുടെ ക്യാപ്റ്റനുമായ ലയണൽ മെസ്സി. ഖത്തറിൽ ഏറ്റവും മികച്ച പ്രകടനത്തോടെ മത്സരങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും അർജൈന്റൻ ദേശീയ സ്പോർട്സ് മാധ്യമമായ 'ഒലെ'കിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
വെള്ളിയാഴ്ച പ്രഖ്യാപിച്ച ലയണൽ സ്കലോണിയുടെ 26 അംഗ ടീമിൽ മെസ്സിയടക്കമുള്ള അർജൻറീനയുടെ പ്രധാന താരങ്ങളെല്ലാം ഇടം നേടിയിരുന്നു. ഖത്തർ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നും മെസ്സി നയിക്കുന്ന അർജൻറീനയാണ്.ഗ്രൂപ് 'എ'യിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം ആവർത്തിച്ചു. നവംബർ 21ന് ഉച്ചക്ക് ഒന്നിന് ലുസൈൽ സ്റ്റേഡിയത്തിലാണ് അർജൻറീന സൗദി അറേബ്യയെ നേരിടുന്നത്.
കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയുൾപ്പെടെ 35 അന്താരാഷ്ട്ര മത്സരങ്ങളിൽ പരാജയമറിയാതെയാണ് അർജൻറീന ഖത്തറിലേക്ക് വിമാനം കയറുന്നത്. ''വലിയ പ്രതീക്ഷയുണ്ട് ഞങ്ങൾക്ക്. യാഥാർഥ്യബോധമുള്ളവരാണ്. ഏറ്റവും മികച്ച സമയങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നതെന്ന് നന്നായറിയാം. എന്നാൽ, ഇത് ലോകകപ്പാണെന്നും അത് വളരെ പ്രയാസകരമായിരിക്കുമെന്നും അറിയാം'' -താരം പറയുന്നു.
''ഈ സംഘവും 2014 ഫൈനലിൽ കളിച്ച സംഘവും തമ്മിൽ ഏറെ സാമ്യതകളുണ്ട്. ഏത് മത്സരമായാലും ഒരേ ആവേശത്തോടെയും ഏകാഗ്രതയോടെയും കളിക്കുന്ന സംഘമാണുള്ളത്. ടീമിനെ സംബന്ധിച്ച് അത് ഏറെ പ്രധാനപ്പെട്ടതാണ്. കപ്പിനായി പോരാടുകയാണെന്ന് ബോധ്യമുണ്ട്'' -മെസ്സി ചൂണ്ടിക്കാട്ടി.
''35 മത്സരങ്ങളിലെ അപരാജിത കുതിപ്പ് മികച്ച റെക്കോഡാണ്. എന്നാൽ, ലോക കിരീടമെന്ന ലക്ഷ്യം കൈവരിച്ചാൽ ഇറ്റലിയുടെ 37 മത്സരങ്ങളിലെ തോൽവിയറിയാതെയുള്ള കുതിപ്പിനെ ഞങ്ങൾക്ക് മറികടക്കാനാകും. പക്ഷേ, ഈ റെക്കോഡിനെക്കുറിച്ച് ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നില്ല. ചില സമയങ്ങളിൽ മോശം മത്സരങ്ങൾ വരാം. അതിനെയെല്ലാം മറികടന്ന് പോകുമെന്നും ഞങ്ങൾക്കുറപ്പുണ്ട്'' -മെസ്സി പറഞ്ഞു.
ഒരു വലിയ തോൽവിയിൽനിന്ന് തുടങ്ങിയ സംഘമാണിത്. 2019ലെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ് സെമിയിൽ ബ്രസീലിനോടേറ്റ പരാജയത്തോടെയാണ് ഈ സംഘം രൂപപ്പെടുന്നത്. അവിടെനിന്നാണ് ഞങ്ങൾ ഉയിർത്തെഴുന്നേറ്റത്. ലോകകപ്പിനായി ടീം തയാറാകുകയാണ്. ദുഷ്കരമായ മത്സരങ്ങളെ ഞങ്ങൾ മറികടന്ന് മുന്നേറും. അതോടൊപ്പം അർജൻറീനയുടെ അപരാജിത കുതിപ്പിന്റെ സമ്മർദം ആശങ്കയാകുന്നില്ലെന്നും മെസ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.