27 വർഷത്തെ കാത്തിരിപ്പ്..!; മധുര പ്രതികാരത്തിനൊരുങ്ങി ഡോർട്മുണ്ട്
text_fields11 വർഷം മുൻപ് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിൽ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട തങ്ങളുടെ രണ്ടാം കിരീടം തിരിച്ചുപിടിക്കാൻ അവർ അതേ സ്റ്റേഡിയത്തിൽ തന്നെ വീണ്ടും കലാശപ്പോരിനിറങ്ങും. അന്ന് കിരീടം തട്ടിയെടുത്ത ബയേൺ മ്യൂണിക്കിനെ എതിരാളിയായി കിട്ടിയാൽ ഒരു മധുര പ്രതികാരത്തിന് കളമൊരുങ്ങും. റയൽ -ബയേൺ രണ്ടാം പാദസെമി പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നതിനാൽ ഈ അനിശ്ചിതത്വം അധികം നീളില്ല.
പി.എസ്.ജിയെ രണ്ടു പാദങ്ങളിലുമായി 2-0 ന് കീഴടക്കിയാണ് ബൊറൂസിയ ഡോർട്മുണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. പാരീസിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ പി.എസ്.ജിയെ 1-0ന് തകർത്താണ് മഞ്ഞപ്പട ഫൈനൽ ഉറപ്പാക്കിയത്. ബെർലിനിൽ നടന്ന ആദ്യ പാദത്തിലും ജർമൻ ക്ലബ് 1-0ന് ജയിച്ചിരുന്നു.
ചരിത്രത്തിൽ ഒരു തവണ മാത്രമേ ചാമ്പ്യൻസ് ലീഗ് കിരീടം ഡോർട്ട്മുണ്ട് ഷോക്കേസിലെത്തിയിട്ടുള്ളൂ. 1997 ൽ യുവന്റസിനെ 3-1 ന് കീഴടക്കി കന്നി കിരീടത്തിൽ മുത്തമിട്ട ഡോർട്മുണ്ടിന് 27 വർഷത്തെ കാത്തിരിപ്പിനാണ് അറുതിയാക്കേണ്ടത്.
രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഡോർട്മുണ്ടിലെത്തിക്കാനാകുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് പാർക് ഡെസ് പ്രിൻസസിൽ പി.എസ്.ജിക്കെതിരെ വിജയ ഗോൾ നേടിയ ഡിഫൻഡർ മാറ്റ്സ് ഹമ്മൽസ്.
"ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം മുതൽ, ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. വെംബ്ലിയിൽ എന്തുകൊണ്ട് വിജയിച്ച് കൂടാ, വളരെ പെട്ടെന്ന് കളിയും കളിക്കളവും തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്നതാണ് വിജയരഹസ്യം"- ഹമ്മൽസ് പറഞ്ഞു.
"എന്റെ കരിയറിൽ വളരെ കുറച്ച് ചാമ്പ്യൻസ് ലീഗ് ഗോളുകൾ മാത്രമാണ് ഞാൻ നേടിയത്, വെറും അഞ്ച്. അതിലേക്ക് ഒന്നുകൂടി ചേർക്കാൻ ഏറ്റവും മികച്ച സമയമായിരുന്നു ഇത്" -35 കാരനായ ഹമ്മൽസ് പ്രതികരിച്ചു.
2013ൽ വെബ്ലിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡോർട്മുണ്ട് ടീമിന്റെ ഭാഗമായിരുന്നു ഹമ്മൽസ്. ബയേണിനോട് ഫൈനലിൽ തോറ്റെങ്കിലും അതേ വെബ്ലിയിൽ കിരീടം തിരിച്ചെടുക്കാൻ ആകുമെന്ന ആത്മവിശ്വസത്തിലാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.