സൗദിയിലേക്കില്ല, റയലിനെയും ബാഴ്‌സയെയും വീഴ്ത്താന്‍ ക്രിസ്റ്റ്യാനോ സ്‌പെയിനിലേക്ക്!
text_fieldsസൗദി ക്ലബ് വെച്ച വമ്പന്‍ ഓഫര്‍ തള്ളിക്കളഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌പെയിനില്‍ അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന സൂചന നല്‍കുന്നു ഇ.എസ്.പി.എന്‍. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്, പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി, ഫ്രഞ്ച് ക്ലബ് പി.എസ്.ജി എന്നിവരുമായി താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡെസ് നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചര്‍ച്ച നീണ്ടത്. ട്രാന്‍സ്ഫര്‍ സംഭവിച്ചാല്‍ സ്‌പെയ്‌നില്‍ റയലിനും ബാഴ്‌സക്കും എതിരെ ക്രിസ്റ്റ്യാനോ ഇറങ്ങുന്നതാകും കാഴ്ച!
ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരില്ലെന്ന നിലപാടിലാണ് പോർച്ചുഗീസ് താരം. യുവന്റസില്‍നിന്ന് 13.5 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായിരുന്നു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 38 മത്സരങ്ങളില്‍നിന്ന് 24 ഗോളുകളാണ് പോര്‍ച്ചുഗല്‍ താരം നേടിയത്. ക്രിസ്റ്റ്യാനോ തിളങ്ങിയിട്ടും ടീം വലിയ പരാജയമായി. സഹതാരങ്ങളില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും പ്രീമിയര്‍ ലീഗിലെ മറ്റു ടീമുകളോട് മത്സരിക്കാന്‍ കെല്‍പ്പുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോക്ക് ആക്ഷേപമുണ്ട്.
37 വയസ്സുള്ള താരം തന്റെ നല്ല നാളുകള്‍ കഴിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ കഠിനാധ്വാനം എന്ന ക്യാപ്ഷനോടെ ക്രിസ്റ്റ്യാനോ ഇട്ട പോസ്റ്റ് വലിയ സൂചനയായിരുന്നു. ട്രാന്‍സ്ഫര്‍ വിപണിയില്‍ തന്റെ മൂല്യം കുറഞ്ഞിട്ടില്ലെന്നും ചാമ്പ്യന്‍സ് ലീഗ് കളിക്കില്ലെന്നുമുള്ള പ്രഖ്യാപനമായാണ് ഫുട്‌ബാള്‍ ലോകം പോസ്റ്റിനെ വിലയിരുത്തുന്നത്. അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്ന് പ്രധാന കളിക്കാരെ ഉടനെ ടീമിലെത്തിക്കും. ക്രിസ്റ്റ്യാനോയെ നിലനിര്‍ത്താന്‍ കൂടിയാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.