പി.എസ്.ജിയിൽ തുടരാനില്ല; ക്ലബിനെ തീരുമാനമറിയിച്ച് എംബാപ്പെ
text_fieldsപാരിസ്: ഫുട്ബാൾ താരങ്ങളുടെ ക്ലബ് മാറ്റം സജീവമാകുന്നതിനിടെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഞെട്ടിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ക്ലബുമായുള്ള കരാർ പുതുക്കില്ലെന്ന് അറിയിച്ച് കത്ത് നൽകിയിരിക്കുകയാണ് താരം. അടുത്ത സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2024 ജൂണിൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിച്ചത്. 2025 വരെ കരാർ നീട്ടുന്നതിൽ തീരുമാനം പറയാൻ ക്ലബ് അധികൃതർ ജൂലൈ 31 വരെ താരത്തിന് സമയം അനുവദിച്ചിരുന്നു. കരാർ നീട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു മാനേജ്‌മെന്റ്. എന്നാൽ, മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.
ഫ്രഞ്ച് മാധ്യമമായ 'ലെ ക്വിപ്പ്' ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പി.എസ്.ജി കടന്നേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താരത്തെ ഫ്രീ ഏജന്റാക്കി വിടുന്നത് ക്ലബിന് വലിയ നഷ്ടമാകുമെന്നതിനാൽ, നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബാപ്പെയെ വിൽക്കാനൊരുങ്ങുകയാണ് പി.എസ്.ജി. കരാർ പുതുക്കിയില്ലെങ്കിൽ വിൽക്കുമെന്ന നിലപാടിലാണ് ക്ലബെന്ന് റിപ്പോർട്ടിൽ പറയുന്നു.
എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് അടക്കമുള്ള വമ്പൻ ക്ലബുകൾ രംഗത്തുണ്ട്. താരത്തെ സ്വന്തമാക്കാൻ മുമ്പ് രണ്ടു തവണ റയൽ നീക്കം നടത്തിയിരുന്നു. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ സാഹചര്യത്തിൽ പകരക്കാരനെ തേടുന്ന റയലിന് മുമ്പിലെ പ്രധാന ഓപ്ഷനാകും എംബാപ്പെയന്നാണ് വിലയിരുത്തൽ.
2017ൽ മൊണോക്കൊയിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് എംബാപ്പെ പി.എസ്.ജിയിൽ എത്തിയത്. പിന്നീട് 180 ദശലക്ഷം യൂറോയുടെ കരാറിലെത്തി. പി.എസ്.ജിക്കായി 260 മത്സരങ്ങളിൽ 212 ഗോൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിലെ മറ്റൊരു സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞയാഴ്ച ക്ലബ് വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. നെയ്മറും ക്ലബ് വിടുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.