മെസ്സിക്കൊപ്പമില്ല; ഇനിയസ്റ്റയും ഇനി അറബ് നാട്ടിൽ
text_fieldsസ്പാനിഷ് ഫുട്‌ബാൾ ഇതിഹാസം ആന്ദ്രെ ഇനിയസ്റ്റ ഇനി യു.എ.ഇ പ്രോ ലീഗ് ക്ലബായ എമിറേറ്റ്‌സ് എഫ്.സിയിൽ. 2024 ജൂൺ വരെയാണ് മുൻ ബാഴ്സലോണ താരത്തിന്റെ കരാർ. ഒരു വർഷം കൂടി നീട്ടാനും വ്യവസ്ഥയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയവർ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മറ്റൊരു ഗൾഫ് രാജ്യത്ത് പന്തുതട്ടാൻ 39കാരൻ എത്തുന്നത്. എമിറേറ്റ്‌സ് എഫ്.സി ഇനിയസ്റ്റ അവരുടെ ജഴ്സി അണിയുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ജപ്പാനിലെ വിസ്സൽ കോബെ ക്ലബിൽ അഞ്ച് വർഷം കളിച്ച താരം കഴിഞ്ഞ മാസമാണ് ക്ലബ് വിട്ടത്. ജെ ലീഗ് സീസണിൽ അധിക മത്സരങ്ങളിലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ക്ലബ് വിടാൻ തീരുമാനിച്ചത്. വെസ്സൽ കോബെയുമായുള്ള കരാർ ഈ സമ്മറിൽ അവസാനിച്ചതോടെ താരം ഫ്രീ ഏജൻറായിരുന്നു.
ബാഴ്സലോണയിൽ മെസ്സിക്കൊപ്പം നിറഞ്ഞു കളിച്ച ഇനിയസ്റ്റ വീണ്ടും താരത്തിനൊപ്പം കളിക്കാൻ ഇന്റർ മയാമിയിൽ രണ്ടുവർഷത്തെ കരാറിൽ എത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ കൂട്ടുകെട്ടിനായി കാത്തിരുന്നെങ്കിലും പുതിയ കരാറോടെ അതിന് വിരാമമായി. ബാഴ്സക്കൊപ്പം ഒമ്പത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ഇനിയസ്റ്റ സ്പെയിനിനൊപ്പം 2010 ലോകകപ്പും 2008, 2012 യൂറോ കപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018ലാണ് ബാഴ്സ വിട്ട് വിസ്സൽ കോബെയിലെത്തിയത്. അടുത്ത വർഷം എംപറേഴ്സ് കപ്പിലൂടെ ടീമിന് ആദ്യ കിരീടം നേടിക്കൊടുക്കാനും 2020ൽ ജപ്പാനീസ് സൂപ്പർ കപ്പ് വിജയത്തിലേക്ക് നയിക്കാനും താരത്തിനായി. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ടീമിനെയെത്തിക്കാനുമായി.
ബാഴ്‌സലോണയിലും ജപ്പാനിലുമായി കരിയറിലെ നിരവധി വർഷങ്ങൾ ചെലവിട്ട ശേഷം ഇത് വളരെ പ്രധാനപ്പെട്ട മറ്റൊരു ചുവടുവെപ്പാണെന്ന് റാസൽ ഖൈമയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇനിയസ്റ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.