നോക്കൗട്ട് നോട്ടമിട്ട് ന്യൂ ജഴ്സിയിൽ; അർജന്റീന നാളെ ചിലിക്കെതിരെ
text_fieldsന്യൂ ജഴ്സി: കോപ അമേരിക്ക ഫുട്ബാളിൽ തുടർച്ചയായ ക്വാർട്ടർ ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന നാളെ ചിലിക്കെതിരെ. ഗ്രൂപ് എയിലെ ആദ്യ കളിയിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ഒന്നാംസ്ഥാനത്തെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും അടുത്ത ജയത്തോടെ അവസാന എട്ടിലെത്താനാവും. പെറുവിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ ചിലിയെ സംബന്ധിച്ച് ഇത് നിലനിൽപ് പോരാണ്.
നിലവിൽ ഒരു പോയന്റുമായി രണ്ടാം സ്ഥാനത്താണ് ടീം. ന്യൂ ജഴ്സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നാളെ രാവിലെ ഇന്ത്യൻ സമയം 6.30നാണ് അർജന്റീന-ചിലി പോരാട്ടം. അതിന് മുമ്പ് വെളുപ്പിന് 3.30ന് പെറുവും കാനഡയും കളിക്കുന്നുണ്ട്. ഇതിൽ പെറു ജയിച്ചാൽ ചിലിക്ക് അർജന്റീനയെ തോൽപിക്കൽ അനിവാര്യമാവും.
ലോക ചാമ്പ്യന്മാരുടെ ആരാധകർ പ്രതീക്ഷിച്ചപോലെ ഏകപക്ഷീയ മത്സരമായിരുന്നില്ല അർജന്റീനയും കാനഡയും തമ്മിൽ നടന്നത്. എങ്കിലും രണ്ടാംപകുതിയിൽ യൂലിയൻ അൽവാരസും ലോട്ടാരോ മാർട്ടിനെസും നേടിയ ഗോളുകൾ നീലപ്പടക്ക് വിജയമൊരുക്കി.
ഇന്ന് ആദ്യ ഇലവനിൽ ലയണൽ സ്കലോണി ചില മാറ്റങ്ങൾ വരുത്തിയേക്കും. അൽവാരസിന് പകരം ലോട്ടാരോയെ തുടക്കത്തിൽ പരീക്ഷിച്ചാൽ അദ്ഭുതപ്പെടാനില്ല.
ഖത്തർ ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ തോൽവിയോടെ അർജന്റീനയുടെ ദീർഘനാളത്തെ അപരാജിത യാത്ര തൽക്കാലത്തേക്ക് അവസാനിച്ചെങ്കിലും വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി കിരീടവുമായി മടങ്ങിയ ടീം പിന്നെ പരാജയപ്പെടുന്നത് ഒരു വർഷത്തിനിപ്പുറമാണ്. 2023 നവംബറിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വായിയോടാണ് അർജന്റീന തോറ്റത്. ശേഷം തുടർച്ചയായ ആറ് മത്സരങ്ങളും ജയിച്ചു.
അർജന്റീനക്കാരൻ റിക്കാർഡോ ഗാർസിയ പരിശീലിപ്പിക്കുന്ന ചിലിയെ സംബന്ധിച്ച് സമ്മിശ്ര പ്രകടനമായിരുന്നു. കഴിഞ്ഞ ആറ് കളികളിൽ രണ്ട് വീതം ജയവും തോൽവിയും സമനിലയും. കോപ അമേരിക്കയിലെ പ്രായംകൂടിയ താരമായ 41കാരൻ ക്ലോഡിയോ ബ്രാവോയാണ് ടീമിന്റെ ഗോൾവല കാക്കുന്നത്.
മിഡ്ഫീൽഡർ ഡിയാഗോ വാൽദസിന്റെ കാര്യം ഉറപ്പില്ല. പെറുവിനെതിരായ കളിയിൽ മഞ്ഞക്കാർഡ് കണ്ട അലക്സിസ് സാഞ്ചസ്, വിക്ടർ ഡേവില, എറിക് പുൾഗർ എന്നിവർ ഇന്ന് ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത മത്സരം നഷ്ടമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.