ഇനി പോരാട്ട നാളുകൾ
text_fieldsമലപ്പുറം: ഫുട്ബാൾച്ചൂടിന് കരുത്തുപകരാൻ കേരളമണ്ണിൽ ആദ്യമായെത്തുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് തിങ്കളാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പന്തുരുളും. സന്തോഷ് ട്രോഫിക്കും ഐ ലീഗ് മത്സരങ്ങൾക്കും ശേഷം മഞ്ചേരിയിൽ വിരുന്നെത്തുന്ന സൂപ്പർ കപ്പിനെ ആരാധകർ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഐ ലീഗ് ടീമുകൾ പങ്കെടുക്കുന്ന യോഗ്യതമത്സരങ്ങൾക്കാണ് തിങ്കളാഴ്ച തുടക്കമാവുക. പയ്യനാട്ട് രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ എഫ്.സിയും നെരോക എഫ്.സിയും ഏറ്റുമുട്ടും. ചൊവ്വാഴ്ച എ.എഫ്.സി പ്ലേ ഓഫ് മത്സരങ്ങളും ഇതേസമയത്ത് നടക്കും.
ഈ മാസം അഞ്ച്, ആറ് തീയതികളിൽ മഞ്ചേരിയിൽ രണ്ട് വീതം മത്സരങ്ങൾ ഉണ്ടാകും. യോഗ്യത നേടുന്ന ടീമുകൾ ഗ്രൂപ്ഘട്ടത്തിൽ നേരേത്ത യോഗ്യത നേടിയ ഐ.എസ്.എൽ ടീമുകളോട് മത്സരിക്കും. സൂപ്പർ കപ്പിലെ ഗ്രൂപ്മത്സരങ്ങൾ എട്ട് മുതൽ കോഴിക്കോട്ടും ഒമ്പത് മുതൽ മഞ്ചേരിയിലും തുടങ്ങും.
എട്ടിന് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സി യോഗ്യത റൗണ്ടിലെ വിജയിക്കുന്ന ടീമുമായി മത്സരിക്കും. രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്.സിയെ നേരിടും. ഒമ്പതിന് മഞ്ചേരിയിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി പ്രാഥമിക റൗണ്ട് മൂന്നിലെ വിജയികളെ നേരിടും.
വൈകീട്ട് അഞ്ചിനും രാത്രി 8.30നുമാണ് മത്സരങ്ങൾ. മുന്നൂറോളം വിദേശ താരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പിൽ ആരാധകർക്ക് മികച്ച കായികവിരുന്നാണ് സംഘാടക സമിതി ഒരുക്കുന്നത്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ ടീമും നെരോക എഫ്.സി താരങ്ങളും കോട്ടപ്പടി മൈതാനത്ത് പരിശീലനം നടത്തി.
ഏപ്രിൽ മൂന്ന്: രാജസ്ഥാൻ എഫ്.സി-നെരോക എഫ്.സി (8.30 pm)
ഏപ്രിൽ നാല്: ജംഷഡ്പുർ എഫ്.സി-മുബൈ സിറ്റി എഫ്.സി (എ.എഫ്.സി പ്ലേ ഓഫ്) ( 8.30 pm)
ഏപ്രിൽ അഞ്ച്:ശ്രീനിഥി ഡെക്കാൻ എഫ്.സി-രാജസ്ഥാൻ എഫ്.സി/ നെരോക എഫ്.സി ( 5.00 pm)
ഏപ്രിൽ അഞ്ച്: ഗോകുലം കേരള എഫ്.സി - മുഹമ്മദൻസ് (8.30 pm)
ഏപ്രിൽ ആറ്: ട്രാവു എഫ്.സി - ഐസ്വാൾ എഫ്.സി ( 5.00 pm)
ഏപ്രിൽ ആറ്: റിയൽ കശ്മീർ - ചർച്ചിൽ ബ്രദേഴ്സ് ( 8.30 pm)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.