ഇനി കളി പ്രീക്വാർട്ടറിൽ; സൗദിയെ സമനിലയിലാക്കി തായ്ലൻഡ്; ഒമാന്‍ മടക്കം
text_fieldsദോഹ: ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ ഏഷ്യൻ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങളിലേക്ക്. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഞായറാഴ്ച മുതൽ വീണ്ടും അങ്കം മുറുകുമ്പോൾ തോറ്റവർക്ക് നാട്ടിലേക്ക് മടക്കവും, വിജയികൾക്ക് മുന്നോട്ടുള്ള യാത്രയും.
24 ടീമുകൾ മാറ്റുരച്ച അങ്കത്തിൽ നിന്നും 16 പേരുമായാണ് ഞായറാഴ്ച പ്രീക്വാർട്ടർ തുടങ്ങുന്നത്. 12 ടീമുകൾ ഗ്രൂപ്പിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ, നാലു പേർ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന പെരുമയുമായി മുന്നേറി. ജോർഡൻ, സിറിയ, ഫലസ്തീൻ, ഇന്തോനേഷ്യ എന്നിവരാണ് മൂന്നാം സ്ഥാനക്കാരിലെ മുൻനിരകാരായെത്തിയത്.
സൗദിയെ കുരുക്കി തായ്ലൻഡ്; ഒമാന്‍ ദയനീയ മടക്കം
ഗ്രൂപ്പ് എഫിലായിരുന്നു ഏറ്റവും ഒടുവിലായി മത്സരങ്ങൾ നടന്നത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകർക്കു നടുവിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് തായ്ലൻഡ് മിടുക്കു കാണിച്ചു. ഇരു നിരയും മികച്ച നീക്കങ്ങളും മുന്നേറ്റങ്ങളുമായി കളം വാണ മത്സരത്തിൽ വിജയത്തിലേക്കുള്ള അവസരം സൗദി പാഴാക്കി.
കളിയുടെ 12ാം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് നായകൻ സലിം ദൗസരി സഹതാരം അബ്ദുല്ല റാദിഫിന് നൽകി. എന്നാൽ, മുന്നിലുള്ള ഗോൾകീപ്പർ സറനോൻ അനുയിന്റെ ഉജ്വലമായ സേവിൽ സൗദിയുടെ ഗോൾ അവസരം പാഴായി. റീബൗണ്ട് ചെയ്ത പന്ത് ബൈസിക്കിൽ കിക്കിലൂടെ മറിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. മത്സരത്തിലുടനീളം മികച്ച സേവുകളുമായി തായ് ഗോളി നിറഞ്ഞാടി.
വിജയം അനിവാര്യമായ മത്സരത്തിൽ കിർഗിസ്താനെതിരെ ഒമാൻ എട്ടാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനിയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും 80ാം മിനിറ്റിൽ ജോയൽ കോജോ തിരിച്ചടിച്ച് സമനില പിടിച്ചു.
പ്രീക്വാർട്ടർ ലൈനപ്പ്
ജനു 28: ആസ്ട്രേലിയ x ഇന്തോനേഷ്യ (2.30pm -ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം )
യു.എ.ഇ x തജികിസ്താൻ (7.00 pm -അഹ്മദ് ബിന്‍ അലി സ്റ്റേഡിയം )
ജനു. 29: ഇറാഖ് x ജോർദാൻ (2.30pm - ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം)
ഖത്തർ x ഫലസ്തീൻ (7.00 pm അല്‍ബെയ്ത്ത് സ്റ്റേഡിയം)
ജനു. 30: ഉസ്ബെക് x തായ്ലൻഡ് (2.30 pm അല്‍ ജനൂബ് സ്റ്റേഡിയം)
സൗദി x ദ. കൊറിയ (7.00 pm എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം)
ജനു. 31: ബഹ്റൈൻ x ജപ്പാൻ (2.30pm അല്‍ തുമാമ സ്റ്റേഡിയം)
ഇറാൻ x സിറിയ (7.00pm അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.