വബാലി ഡാ!, കലാശപ്പോരിലേക്ക് പറന്നിറങ്ങി ‘സൂപ്പർ ഈഗ്ൾസ്‘; ആഫ്രിക്ക നാഷൻസ് കപ്പ് ഫൈനലിൽ എതിരാളികൾ ഐവറി കോസ്റ്റ്
text_fieldsബുവാകെ (ഐവറി കോസ്റ്റ്): കളിയിൽ വ്യക്തമായ മേധാവിത്വം കാട്ടിയിട്ടും പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിൽ ദക്ഷിണാഫ്രിക്കക്ക് കാലിടറിയപ്പോൾ കരുത്തരായ നൈജീരിയക്ക് ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെന്റിൽ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോളടിച്ച് തുല്യത പാലിച്ചതോടെയാണ് വിധിനിർണയം ടൈബ്രേക്കറിലെത്തിയത്. ഷൂട്ടൗട്ടിൽ 4-2നായിരുന്നു നൈജീരിയൻ ജയം. രണ്ടു കിക്കുകൾ തടഞ്ഞിട്ട ഗോളി സ്റ്റാൻലി വാബലിയാണ് സുപ്പർ ഈഗ്ൾസിന്റെ ഹീറോ. കോംഗോയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ആതിഥേയരായ ഐവറി കോസ്റ്റാണ് ആഫ്രിക്കയുടെ ഫുട്ബാൾ ചാമ്പ്യന്മാരെ നിർണയിക്കുന്ന കലാശപ്പോരിൽ നൈജീരിയയുമായി നേരങ്കത്തിനിറങ്ങുന്നത്. ഞായറാഴ്ചയാണ് ഫൈനൽ.
ദക്ഷിണാഫ്രിക്കക്കെതിരെ മൈതാനത്ത് മേധാവിത്വം സ്ഥാപിക്കാൻ കഴിയാതെ ഉഴറിയ നൈജീരിയക്ക് മത്സരത്തിൽ 39 ശതമാനം സമയം മാത്രമാണ് പന്ത് കൈവശം വെക്കാൻ കഴിഞ്ഞത്. നാഷൻസ് കപ്പിൽ മുമ്പ് ഏറ്റുമുട്ടിയ മൂന്നു തവണയും ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച റെക്കോർഡുള്ള സൂപ്പർ ഈഗ്ൾസ് പക്ഷേ, പീസ് സ്റ്റേഡിയത്തിലെ സെമി പോരാട്ടത്തിൽ ആ ഖ്യാതിക്കൊത്ത വണ്ണമല്ല പന്തുതട്ടിയത്. പച്ചയും വെള്ളയും കുപ്പായമിട്ട് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയടക്കിയ ആരാധകരുടെ ആരവങ്ങളും ആദ്യപകുതിയിൽ നൈജീരിയക്ക് ഉണർത്തുപാട്ടായില്ല. ഇടവേളക്കുമുമ്പുവരെ ദക്ഷിണാഫ്രിക്കയുടെ വ്യക്തമായ മേധാവിത്വമായിരുന്നു കളത്തിൽ. ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട വിക്ടർ ഒസിംഹന് ആദ്യപകുതിയിൽ ഒമ്പതു ടച്ചുകൾ മാത്രമാണ് സാധ്യമായത്. പെനാൽറ്റി ഏരിയയിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന സുവർണാവസരത്തിൽ പേർസി താവു തൊടുത്ത കിടിലൻ ഷോട്ട് നൈജീരിയൻ ഗോളി വബാലിയുടെ നേർക്കല്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഗതിതന്നെ മറ്റൊന്നായേനേ.
രണ്ടാം പകുതിയിൽ പക്ഷേ, അപകടം തിരിച്ചറിഞ്ഞ കഴുകൻമാർ ദക്ഷിണാഫ്രിക്കൻ ഗോൾമുഖത്ത് വട്ടമിട്ടുപറക്കാൻ തുടങ്ങി. ഒസിംഹനും ഊർജമാവാഹിച്ചു. അവസരങ്ങൾ ക്രോസ്ബാറിന് മുകളിലൂടെ വഴിമാറിയകന്നതിനൊടുവിൽ 67-ാം മിനിറ്റിൽ സൂപ്പർ ഈഗ്ൾസ് ലീഡിലേക്ക് പറന്നിറങ്ങി. പന്തുമായി ഒസിംഹന്റെ ഡ്രൈവിങ് റണ്ണിന് ഫൗളിലൂടെ തടയിടാൻ എതിർ ഡിഫൻഡർ മൊതോബി എംവാലയുടെ ശ്രമം. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്തത് ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ് എകോങ്. ഇടത്തോട്ടു വൈഡ് ചെയ്ത ദക്ഷിണാഫ്രിക്കൻ ഗോളി റോൺവെൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ എകോങ് പന്തിനെ വലയിലേക്ക് തള്ളി.
ആക്രമണ-പ്രത്യാക്രമണങ്ങൾക്കൊടുവിൽ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ ഒസിംഹനിലൂടെ നൈജീരിയ വീണ്ടും വല കുലുക്കിയിരുന്നു. എന്നാൽ, അതിനാടകീയതകൾ കാത്തുനിന്ന മുഹൂർത്തത്തിൽ റഫറി വാർ പരിശോധിച്ചപ്പോൾ ആ കൗണ്ടർ അറ്റാക്കിങ്ങിന് തൊട്ടുമുമ്പ് തായൂവിനെ അൽഹസൻ യൂസുഫ് ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കക്ക് അനുകൂലമായി പെനാൽറ്റി കിക്ക്. ഒസിംഹന്റെ ഗോൾ റദ്ദായതിനൊപ്പം പെനാൽറ്റി സ്പോട്ടിൽനിന്ന് തെബോഹോ മോകോയെനയുടെ കിക്ക് അനായാസം വലയിലേക്ക് (1-1).
വബാലിയുടെ മിടുക്കിൽ
എക്സ്ട്രാടൈമിൽ ജാഗരൂകമായ നീക്കങ്ങളായിരുന്നു ഇരുനിരയുടേതും. എന്നാൽ, ഖുലിസോ മുദാവു ക്ലോസ്റേഞ്ചിൽനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് ഇഞ്ചുകൾക്ക് ഗതിമാറിയില്ലായിരുന്നുവെങ്കിൽ ജയം ദക്ഷിണാഫ്രിക്കക്കൊപ്പം നിന്നേനേ. ടൈബ്രേക്കറിൽ ഭാഗ്യം കനിയുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ രണ്ടു കിക്കുകൾ തട്ടിയകറ്റി വബാലി കരുത്തുകാട്ടിയതോടെ നൈജീരിയ ഒരിക്കൽകൂടി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. മോകോയെനയുടെയും മഗ്പോകയുടെയും ഷോട്ടുകൾ വലതുവശത്തേക്ക് ചാടിവീണാണ് നബാലി തടഞ്ഞിട്ടത്.
ഐവറി കോസ്റ്റിന്റെ രക്ഷകനായി ഹാലെർ
അബിജാനിൽ ആർത്തുവിളിച്ച ആതിഥേയ കാണികൾക്ക് ആമോദമായി വിജയഗോളെത്തിയത് 65-ാം മിനിറ്റിലായിരുന്നു. മത്സരത്തിൽ ഇടതടവില്ലാതെ ഇരമ്പിയാർത്തിട്ടും ഐവറി കോസ്റ്റിന് ഫിനിഷിങ്ങിൽ നിരന്തരം പിഴച്ചു. മൊത്തം 14 ഷോട്ടുകൾ തൊടുത്തുവിട്ട ആതിഥേയർ വലക്കുനേരെ പായിച്ചത് രണ്ടെണ്ണം മാത്രം. കോംഗോ ഡിഫൻസ് ഉറച്ചുനിന്നതോടെ കുഴങ്ങിയ ഐവറി കോസ്റ്റിന് സെബാസ്റ്റ്യൻ ഹാലെറാണ് ഒടുവിൽ രക്ഷകനായത്. ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കറുടെ വോളി നിലത്തുകുത്തിയുയർന്ന് വലയിലേക്ക് ഉയർന്നുപൊങ്ങിയപ്പോൾ അൽപം അഡ്വാൻസ് ചെയ്തുനിന്ന കോംഗോ ഗോളി ലയണൽ എംപാസിക്ക് ആ അപകടം മാത്രം തട്ടിമാറ്റാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.