ഗോളടിച്ച ശേഷം അശ്ലീല ആംഗ്യമെന്ന്; ജൂഡ് ബെല്ലിങ്ഹാമിനെതിരെ യുവേഫ അന്വേഷണം
text_fieldsഡോര്‍ട്ട്മുണ്ട്: സ്ലൊവാക്യക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോളടിച്ച് ഇംഗ്ലണ്ടിന്റെ രക്ഷകനായ ജൂഡ് ബെല്ലിങ്ഹാമിനെതിരെ യുവേഫ അന്വേഷണം. ഗോള്‍ നേടിയ ശേഷം ബെല്ലിങ്ഹാം അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ ഇടപെടൽ. ബെല്ലിംഗ്ഹാമിന്റേത് മാന്യമായ പെരുമാറ്റ നിയമത്തിന്റെ ലംഘനമായിരുന്നോയെന്ന് യുവേഫ നിയമിച്ച ഡിസിപ്ലിനറി ഇൻസ്പെക്ടർ പരിശോധിക്കും.
നിശ്ചിത സമയം പിന്നിടുമ്പോൾ ഇംഗ്ലണ്ട് ഒരു ഗോളിന് പിറകിലായിരുന്നു. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെയാണ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്. ഗോള്‍ ആഘോഷിക്കുമ്പോൾ കൈ ജനനേന്ദ്രിയത്തിന് നേരെ വെച്ചെന്നാണ് ആരോപണമുയർന്നത്.
ബെല്ലിങ്ഹാമിന്റെ ഗോളിൽ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹെഡർ ഗോളിൽ ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തിയെത്തുന്ന സ്വിറ്റ്സർലൻഡ് ആണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.