അടി,തിരിച്ചടി; ബ്ലാസ്റ്റേഴ്സിന്റെ 'കലിംഗയുദ്ധം' സമനിലയിൽ (2-2)
text_fieldsഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷ എഫ്.സിക്കെതിരെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നു മിനിറ്റ് വ്യത്യാസത്തിൽ നേടിയ രണ്ട് ഗോളുകളിലൂടെ വ്യക്തമായ മുൻതൂക്കം പിടിച്ചെങ്കിലും താമസിയാതെ രണ്ടെണ്ണം വഴങ്ങി.
ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (18) ജീസസ് ജിമെനെസുമാണ് (21) സ്കോർ ചെയ്തത്. അലക്സാൻഡ്രേ കോയെഫിന്റെ (29) സെൽഫ് ഗോളും ഡീഗോ മൗറീഷ്യോയുടെ (36) ഗോളും ആതിഥേയരെ ഒപ്പമെത്തിച്ചു. നാല് മത്സരങ്ങളിൽ ഓരോ ജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ച് പോയന്റോടെ നാലാംസ്ഥാനത്തേക്ക് കയറി മഞ്ഞപ്പട. നാല് പോയന്റുള്ള ഒഡിഷ ഒമ്പതാമതാണ്.
4-2-3-1 ഫോർമേഷനാണ് ഇരു ടീമും പരീക്ഷിച്ചത്. ജിമെനെസായിരുന്നു മുന്നേറ്റത്തിൽ. പിന്നെ നോഹയും ഡാനിഷ് ഫാറൂഖും മലയാളി താരം കെ.പി രാഹുലും. മറ്റൊരു കേരളീയൻ വിബിൻ മോഹനന് ഇത്തവണയും ആദ്യ ഇലവനിൽ അവസരം ലഭിച്ചു. ബ്രസീലിയൻ സ്ട്രൈക്കർ ഡീഗോ മൗറീഷ്യോ ഒഡിഷയുടെ മുന്നേറ്റവും നയിച്ചു. ആദ്യ മിനിറ്റുകളിൽ ഡാനിഷ് എതിരാളികളുടെ പെനാൽറ്റി ബോക്സിലെത്തിയെങ്കിലും ഡിഫൻഡർ മുർതദ ഫാൽ തടഞ്ഞു. പിന്നാലെ മൗറീഷ്യോയിലൂടെ തിരിച്ചടി. പക്ഷെ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സചിൻ സുരേഷിന് വെല്ലുവിളി സൃഷ്ടിക്കാനായില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് ഗിയർ മാറ്റിയപ്പോൾ ജിമെനെസ്-നോഹ-ഡാനിഷ് സഖ്യം ഒഡിഷക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
18ാം മിനിറ്റിൽ മഞ്ഞപ്പട കാത്തിരുന്ന ഗോളെത്തി. ബോക്സിൽ നിന്ന് നോഹയുടെ ഇടങ്കാലനടിയിൽ ഗോളി അമരീന്ദർ സിങ് നിസ്സഹായനായി. ആഘോഷം തീരുംമുമ്പ് രണ്ടാം ഗോളും. നോഹ നൽകിയ പന്ത് ജിമെനെസ് മനോഹരമായി വലയിലേക്ക് തൊടുത്തു.
രണ്ട് ഗോളിന് പിറകിലായ ആതിഥേയർ 29ാം മിനിറ്റിൽ ഒന്ന് മടക്കി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിനായി ബ്ലാസ്റ്റേഴ്സ് ബോക്സിൽ കൂട്ടപ്പൊരിച്ചിൽ. നിയന്ത്രണത്തിലാക്കുന്നതിൽ സചിൻ പരാജിതനായപ്പോൾ രക്ഷപ്പെടുത്താൻ അലക്സാൻഡർ കോയെഫ് നടത്തിയ ശ്രമവും പാളി. കോയെഫിന്റെ സെൽഫ് ഗോളിലൂടെ സ്കോർ 2-1. ഒഡിഷ അടങ്ങിയരുന്നില്ല. 36ാം മിനിറ്റിൽ ഡിഫൻഡർമാരെ വെട്ടിച്ച് ബോക്സിലേക്ക് കുതിച്ച മൗറീഷ്യോ ഞൊടിയിടയിൽ ജെറി മൗമിങ്താൻഗക്ക് നൽകി. സമയമൊട്ടും കളയാതെ മൗറീഷ്യോക്ക് തന്നെ മൗമിങ്താൻഗയുടെ ക്രോസ്. അതേവേഗത്തിൽ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ ഒരിക്കൽക്കൂടി സചിൻ നിസ്സഹായനായി.
രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം പൂർണമായും ഒഡിഷ ഏറ്റെടുത്തു. 52ാം മിനിറ്റിൽ നോഹക്ക് ലഭിച്ച അവസരം പാഴായതോടെ ബ്ലാസ്റ്റേഴ്സിന് നിരാശ. മൗറീഷ്യക്ക് പകരക്കാരനായി 54ാം മിനിറ്റിൽ റോയ് കൃഷ്ണയെത്തി.
56ാം മിനിറ്റിൽ ഇസാക് വൻലാൽറുഅത്ഫെലക്ക് ലഭിച്ച സുവർണാവസരം ബാറിന് മുകളിലൂടെ പറന്നതോടെ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. 71ാം മിനിറ്റിൽ കോയെഫിനെ മാറ്റി മുഹമ്മദ് അസ്ഹറിനെയും രാഹുലിന് പകരം അഡ്രിയാൻ ലൂണയെയും ഇറക്കി കോച്ച് മൈക്കൽ സ്റ്റാറേ. 84ാം മിനിറ്റിൽ ജിമെനെസിന് പകരം ക്വാമെ പെപ്രയുമെത്തി. 87ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലൂണക്ക് ലഭിച്ച സുവർണാവസരം പാഴായി. വിജയത്തിനായി ഇരു ടീമും അവസാന മിനിറ്റുകളിൽ പൊരുതിനോക്കിയെങ്കിലും തുടർച്ചയായ രണ്ടാം മത്സരവും സമനിലയിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.