ജിറൂദിന്‍റെ അക്രോബാറ്റിക് ഗോളിൽ ചെൽസി, തേരോട്ടം തുടർന്ന് ബയേൺ
text_fieldsമഡ്രിഡ്: പുതിയ കോച്ച് തോമസ് ടുഷൽ ചുമതലയേറ്റ ശേഷമുള്ള ചെൽസിയുടെ നല്ല കാലം തുടരുന്നു. ലാലിഗയിൽ ഉജ്ജ്വലമായി പന്തുതട്ടി മുന്നേറുന്ന അത്ലറ്റിക്കോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയാണ് ചെൽസി ചാമ്പ്യൻസ്ലീഗിൽ നിർണായക ലീഡ് സ്വന്തമാക്കിയത്.കളിയുടെ സമസ്ത മേഖലകളിലും അത്ലറ്റിക്കോയെ അപ്രസക്തമാക്കിയാണ് ചെൽസി മഡ്രിഡിൽ വിജയക്കൊടി നാട്ടിയത്.
അത്ലറ്റിക്കോയെ നിരന്തരം സമ്മർദ്ദത്തിലാക്കിയ ചെൽസിയുടെ ശ്രമങ്ങൾക്ക് 68ാം മിനിറ്റിലാണ് ഫലം കണ്ടത്. പെനൽറ്റി ബോക്സിൽ നിന്നും അലോൺസോ ഉയർത്തി നൽകിയ പന്ത് അക്രോബാറ്റിക് കിക്കിലൂടെ ജിറൂദ് വലയിലെത്തിക്കുകയായിരുന്നു. ഓഫ്ൈസഡ് ഫ്ലാഗ് ഉയർന്നെങ്കിലും വാറിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു. എവേ ഗോളിന്‍റെ ബലത്തിലാകും രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ചെൽസി അത്ലറ്റികോയെ നേരിടാനിറങ്ങുക.
റോമിൽ ലാസിയോയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് തകർത്ത് വിട്ട് ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ മിന്നും ഫോം തുടരുകയായിരുന്നു. ഒൻപതാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയിലൂടെയാണ് ബയേൺ സ്കോറിങ് തുടങ്ങിയത്. 24ാം മിനിറ്റിൽ 17കാരൻ ജമാൽ മുസിയലയുടെ കാലിൽ നിന്നായിരുന്ന രണ്ടാംഗോൾ പിറന്നത്. ബയേണിനായി ചാമ്പ്യൻസ് ലീഗിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ താരമായും ജമാൽ മാറി. 42ാം മിനുറ്റിൽ ലിറോയ് സാനേയിലൂടെ ലീഡുയർത്തിയ ബയേണിനായി 47 മിനുറ്റിൽ ലാസിയോയുടെ വക സെൽഫ് ഗോളും എത്തി. 49ാം മിനിറ്റിൽ ജോക്വിൻ കോറ നേടിയ ഏകഗോൾ മാത്രമാണ് ലാസിയോക്ക് മത്സരത്തിൽ ആശ്വസിക്കാനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.