ഒളിമ്പ്യനും ഫിഫ റഫറിയുമായ എസ്.എസ്. ഹക്കീം അന്തരിച്ചു
text_fieldsബംഗളൂരു: ഒളിമ്പ്യൻ സെയ്ദ് ഷാഹിദ് ഹക്കീം എന്ന എസ്.എസ്. ഹക്കീം (82) അന്തരിച്ചു. ഇന്ത്യൻ കോച്ചും ഫിഫ റഫറിയുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കർണാടക കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 8.30നായിരുന്നു മരണം. കഴിഞ്ഞവർഷം കോവിഡിനെ അതിജീവിച്ചിരുന്നു. ഇന്ത്യൻ ഫുട്ബാളിലെ സുവർണ തലമുറയുടെ പ്രതിനിധിയായ ഹക്കീം സാബ് എന്ന എസ്.എസ്. ഹക്കീം കളിക്കാരനായും പരിശീലകനായും സംഘാടകനായും അഞ്ചു പതിറ്റാണ്ടുകാലം ഇന്ത്യൻ ഫുട്ബാളിെൻറ ഭാഗമായിരുന്നു. രാജ്യത്തെ കായികമേഖലയുടെ ഭരണസംവിധാനത്തിനെതിരെ നിരന്തരം വിമർശനമുന്നയിച്ചിരുന്ന അദ്ദേഹം, സമകാലിക ഇന്ത്യൻ ഫുട്ബാളിനെ കുറിച്ച് തുറന്ന കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ എസ്.എ. റഹീമിെൻറ മകനാണ്. 1960ലെ റോം ഒളിമ്പിക്സിൽ എസ്.എ. റഹീം പരിശീലകനായിരിക്കെ ഇന്ത്യൻ ടീമംഗമായിരുന്നു സെൻട്രൽ ഹാഫായ എസ്.എസ്. ഹക്കീം. എന്നാൽ, ഒരു മത്സരത്തിൽപോലും കളത്തിലിറങ്ങാനായില്ല. അക്കാലത്ത് ഇന്ത്യൻ പ്രതിരോധം വാണിരുന്നത് റാം ബഹാദൂർ, മാരിയപ്പ കെംപയ്യ, പ്രശാന്ത സിൻഹ, ഫ്രാേങ്കാ എന്നീ പ്രതിഭകളായിരുന്നു. ഇവർക്കിടയിൽ ഹക്കീം പലപ്പോഴും സൈഡ് ബെഞ്ചിലായി.
റോം ഒളിമ്പിക്സിൽ ഹംഗറിക്കും ഫ്രാൻസിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റശേഷം മൂന്നാം മത്സരത്തിൽ പെറുവിനെ േനരിടുന്നതിന് മുമ്പ് അന്നത്തെ സൂപ്പർ താരം ചുനി ഗോസ്വാമി എസ്.എസ്. ഹക്കീമിന് അവസരം നൽകാൻ കോച്ച് റഹീം സാബിനോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഫ്രാൻസിനെതിരായ മത്സരത്തിൽ റാം ബഹാദൂർ പുറത്തിരുന്നിട്ടും ഹക്കീമിന് അവസരം ലഭിച്ചതുമില്ല. അന്ന് പ്രതിഭകൾ തിങ്ങിനിറഞ്ഞ ടീമായിരുന്നെന്നും ആർക്കെങ്കിലും പരിക്കുപറ്റിയാൽ മാത്രമേ തനിക്ക് അവസരം ലഭിക്കുമായിരുന്നുള്ളൂ എന്നായിരുന്നു ആ നഷ്ടത്തെ കുറിച്ച് പിന്നീട് എസ്.എസ്. ഹക്കീം പറഞ്ഞത്.
1962ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീമിലും ഇടംകണ്ടെത്താനായില്ല. 1960ൽ സേന്താഷ് ട്രോഫി നേടിയ സർവിസസ് ടീമംഗമായിരുന്നു. 1966വരെ ടീമിൽ തുടർന്നു. ക്ലബ് തലത്തിൽ ഹൈദരാബാദിലെ സിറ്ററി കോളജ് ഒാൾഡ് ബോയ്സ്, ഇന്ത്യൻ എയർഫോഴ്സ് ടീമുകൾക്കായി പന്തുതട്ടി. 1982ലെ ഏഷ്യൻ ഗെയിംസിൽ പി.കെ. ബാനർജിയുടെ സഹപരിശീലകനായിരുന്നു. പിന്നീട് ദേശീയ ടീമിെൻറ കോച്ചായി. 1998ൽ അന്നത്തെ കരുത്തരായ ഇൗസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ (ഇന്നത്തെ മഹീന്ദ്ര യുനൈറ്റഡ്) ഡ്യൂറൻറ് കപ്പ് ജേതാക്കളാക്കിയതാണ് പരിശീലന കരിയറിലെ മികച്ച നേട്ടം. സാൽഗോക്കർ ഗോവ, ഹിന്ദുസ്ഥാൻ എഫ്.സി ക്ലബുകളെയും പരിശീലിപ്പിച്ചു. 2004- 05 സീസണിൽ ബംഗാൾ മുംബൈ എഫ്.സിയെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ഫിഫ ബാഡ്ജ് ലഭിച്ച റഫറിയായിരുന്ന ഹക്കീം 1988ൽ ഖത്തറിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് അടക്കം 33 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചു.
ദ്രോണാചാര്യ അവാർഡും 2017ൽ ധ്യാൻചന്ദ് അവാർഡും അദ്ദേഹത്തിനെ തേടിയെത്തി. ധ്യാൻചന്ദ് അവാർഡ് നേടിയ രണ്ടാമത്തെ മാത്രം ഫുട്ബാളറാണ് ഹക്കീം. ഇന്ത്യൻ വ്യോമസേനയിലെ മുൻ സ്ക്വാഡ്രൺ ലീഡറും സായ് ചീഫ് പ്രോജക്ട് ഡയറക്ടറുമായി േസവനമനുഷ്ഠിച്ച അദ്ദേഹം, 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ -17 ഫിഫ വേൾഡ് കപ്പിനായി പ്രതിഭകളെ കണ്ടെത്താനുള്ള പ്രോജക്ട് ഡയറക്ടറായും ചുമതല വഹിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ മുൻ അന്താരാഷ്ട്രതാരങ്ങളെ ആദരിച്ച ചടങ്ങിലാണ് അവസാനമായി പെങ്കടുത്തത്. ഭാര്യ സാദിയ സെയ്ദയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. എസ്.എസ്. ഹക്കീമിെൻറ നിര്യാണത്തിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടൽ, ജനറൽ സെക്രട്ടറി കുശാൽ ദാസ്, മുൻ ക്യാപ്റ്റൻ വിക്ടർ അമൽരാജ്, ഷബീർ അലി തുടങ്ങിയവർ അനുേശാചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.