‘ബ്രസീലിന്റെ ഏറ്റവും മോശം ടീമുകളിലൊന്ന്, കോപ്പ അമേരിക്ക മത്സരങ്ങൾ കാണില്ല’; പോസ്റ്റ് വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് റൊണാൾഡീഞ്ഞോ
text_fieldsകോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീല്‍ ഫുട്‌ബാള്‍ സ്ക്വാഡിനെതിരായ രൂക്ഷ വിമര്‍ശനം വിവാദമായതിന് പിന്നാലെ മലക്കംമറിഞ്ഞ് ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ. കോപ അമേരിക്കയിൽ അടുത്ത കാലത്തെ ഏറ്റവും മോശം സ്ക്വാഡാണ് ബ്രസീലിന്റേതെന്നും ടീമിലെ മിക്കവരും ശരാശരിക്കാരാണെന്നും മത്സരങ്ങൾ കാണില്ലെന്നുമൊക്കെയായിരുന്നു റൊണാൾഡീഞ്ഞോയുടെ സമൂഹ മാധ്യമ പോസ്റ്റിലൂടെയുള്ള വിമർശനം. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള റൊണാൾഡീഞ്ഞോയുടെ പോസ്റ്റ് ഫുട്ബാൾ കേന്ദ്രങ്ങളിൽ വൻ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.
അത് സ്വന്തം വാക്കുകളല്ലെന്നും ഒരു ഡിയോഡ്രന്റ് ബ്രാൻഡിന്റെ പരസ്യ കാമ്പയിനിന്റെ ഭാഗമായിരുന്നെന്നുമാണ് താരത്തിന്റെ വിശദീകരണം. ‘ഞാൻ അങ്ങനെ പറഞ്ഞത് എല്ലാവരിൽനിന്നുമുള്ള പ്രതികരണം ലഭിക്കാനാണ്. മുമ്പെങ്ങുമില്ലാത്തവിധം ഞാൻ ബ്രസീലിനെ പിന്തുണക്കാൻ പോകുകയാണ്. ബ്രസീലിന് ഈ പിന്തുണ അത്യാവശ്യമാണ്. ടീമിനെ പിന്തുണക്കുന്നത് ഞാൻ ഒരിക്കലും നിർത്തില്ല. യുവ താരങ്ങളിൽ ധാരാളം പ്രതിഭകളുണ്ട്, ബ്രസീലിയൻ ജനതയുടെ പിന്തുണ ഇവർക്ക് ആവശ്യമാണ്. ഇപ്പോൾ കോപ്പ അമേരിക്കയാണ്, നമുക്കൊരു ട്രോഫിയുമായി മടങ്ങാം’- എന്നിങ്ങനെയായിരുന്നു വിശദീകരണം.
ബ്രസീൽ ടീമിനെതിരെ കടുത്ത വിമർശനമാണ് റൊണാൾഡീഞ്ഞോ ഉയർത്തിയിരുന്നത്. ‘ബ്രസീലിയൻ ഫുട്ബാളിനെ സ്നേഹിക്കുന്നവർക്ക് ഇതൊരു ദുഃഖ നിമിഷമാണ്. ഇതൊരുപക്ഷേ, സമീപ വർഷങ്ങളിലെ ഏറ്റവും മോശം ടീമുകളിലൊന്നാണ്. ഇതിൽ മികച്ച ലീഡർമാരില്ല, ഭൂരിഭാഗവും ശരാശരി കളിക്കാർ മാത്രം. ഒരു കളിക്കാരനാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് വളരെ മുമ്പ്, കുട്ടിക്കാലം മുതൽ ഞാൻ ഫുട്ബാളിനൊപ്പമുണ്ട്. ഇതുപോലൊരു മോശം സാഹചര്യം ഞാൻ കണ്ടിട്ടില്ല. ജഴ്സിയോടുള്ള ഇഷ്ടവും മനക്കരുത്തും ഫുട്ബാളിനോടുള്ള ഇഷ്ടവുമെല്ലാം താരങ്ങൾക്ക് നഷ്ടമായിരിക്കുന്നു. എന്തൊരു നാണക്കേടാണിത്. മത്സരങ്ങൾ കാണാനുള്ള ആവേശം ഇത് നഷ്ടപ്പെടുത്തുന്നു. അതിനാൽ ഞാൻ കോപ്പ അമേരിക്കയിലെ മത്സരങ്ങളൊന്നും കാണില്ല, ഒരു വിജയവും ആഘോഷിക്കില്ല’ -എന്നിങ്ങനെയായിരുന്നു 41കാരന്റെ വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റ്. കോപ്പ അമേരിക്കയിൽ കൊളംബിയ, പരാഗ്വെ, കോസ്റ്റാറിക്ക എന്നിവരടങ്ങിയ ‘ഡി’ ഗ്രൂപ്പിലാണ് ബ്രസീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.