നെയ്മറിന്റെ അഞ്ച് പ്രതിഭകളില്‍ ഒരാള്‍ മെസ്സി, നാല് പേര്‍ ആരൊക്കെ?
text_fieldsആരാണ് മികച്ചത്? ഈ ചോദ്യം ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളോട് ചോദിച്ചാല്‍ അവര്‍ മുന്‍കാല ഇതിഹാസങ്ങളെ ചൂണ്ടിക്കാട്ടും. എന്നാല്‍, സമകാലികരില്‍ തന്നെക്കാള്‍ മികച്ച പ്രതിഭകള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏത് അഭിമുഖത്തിലും താനാണ് ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാറുണ്ട്. മെസ്സിയോട് ചോദിച്ചാല്‍ ചാവിയും ഇനിയെസ്റ്റയും ഏറെ സ്വാധീനിച്ചവരാണെന്ന് പറയും. പ്രചോദനമായത് പാബ്ലോ എയ്മറാണെന്നും മെസ്സി വ്യക്തമാക്കിയതാണ്.
നെയ്മറിനോട് ചോദിച്ചാല്‍, അദ്ദേഹം അഞ്ച് താരങ്ങളെ കുറിച്ച് വ്യക്തമായി പറയും. തന്നെക്കാള്‍ സാങ്കേതിക തികവുള്ള താരങ്ങളില്‍ നെയ്മര്‍ ബ്രസീലുകാരെ ഉള്‍പ്പെടുത്തുന്നില്ല. ബാഴ്‌സലോണയില്‍ ഒപ്പം കളിച്ച ലയണല്‍ മെസ്സിയാണ് ഒരാള്‍.
ലിവര്‍പൂളിന്റെ തിയാഗോ അല്‍കന്റാര, റയല്‍ മാഡ്രിഡിന്റെ എദെന്‍ ഹസാദ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍, പി എസ് ജി താരം മാര്‍കോ വെറാറ്റി എന്നിവരെയാണ് നെയ്മര്‍ തന്നെക്കാള്‍ മികച്ച സാങ്കേതിക തികവുള്ളവരായി ചൂണ്ടിക്കാട്ടുന്നത്.
നെയ്മര്‍ തന്റെ ഉറ്റസുഹൃത്തായ മെസ്സിയെ തനിക്ക് മുകളില്‍ പ്രതിഷ്ഠിക്കുമെന്ന് സുവ്യക്തം. എന്നാല്‍, ഇറ്റാലിയന്‍ മാര്‍കോ വെറാറ്റിയെ പരാമര്‍ശിച്ചത് അപ്രതീക്ഷിതം. പി എസ് ജിയില്‍ ആദ്യ ലൈനപ്പില്‍ ഇടം ലഭിക്കാന്‍ മത്സരിക്കുന്ന താരത്തെയാണ് നെയ്മര്‍ തന്നെക്കാള്‍ മികച്ചതെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
നെയ്മറിന്റെ പട്ടികയില്‍ രണ്ട് ബെല്‍ജിയം താരങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയം. എദെന്‍ ഹസാദ് റയല്‍ മാഡ്രിഡില്‍ വലിയ പരാജയമാണ്. തടി കൂടിയതാണ് കാരണം. ഇത്രയും പ്രതിഭാധനനായ താരത്തെ റയല്‍ മാഡ്രിഡിന് കാര്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കെവിന്‍ ഡി ബ്രൂയിന്‍ പെപ് ഗോര്‍ഡിയോളക്ക് കീഴില്‍ കൂടുതല്‍ മികവിലേക്ക് ഉയര്‍ന്നു. സിറ്റിയുടെ പ്ലേ മേക്കറായി ഡി ബ്രൂയിന്‍ പുറത്തെടുക്കുന്ന പ്രകടനം ലോകോത്തരമാണ്.
പി എസ് ജി വിടുന്ന നെയ്മര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്ക് എത്തിയാല്‍ ഡി ബ്രൂയിനുമായി നേര്‍ക്കുനേര്‍ വരും. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.