എതിരാളികളേ കരുതിയിരിക്കുക... ജർമനിയുടെ 'സ്റ്റാർബോയ്' വരുന്നുണ്ട്
text_fieldsലോകക്കപ്പിൽ അദ്ഭുതങ്ങൾ പുറത്തെടുക്കാൻ സാധ്യതയുള്ള താരങ്ങളിലൊരാളായി ഫുട്ബാൾ നിരീക്ഷകർ പരിഗണിക്കുന്നയാളാണ് ജർമനിയുടെ ബയേൺ മ്യൂണിക് മിഡ്ഫീൽഡർ ജമാൽ മുസിയാല. യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തന്റെ പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് 19കാരൻ. ഈ സീസണിൽ ബയേൺ മ്യൂണിക്കിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സാന്നിധ്യമായി മാറിയ മുസിയാല, ലോകകപ്പിൽ ജർമൻ ടീമിലും ഇതേ സ്ഥാനം നിലനിർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വമ്പൻ മത്സരങ്ങളിൽ അതിനൊത്ത പ്രകടനം പുറത്തെടുക്കുകയാണ് ജർമനിയുടെ 'സ്റ്റാർ ബോയ്'. ഇംഗ്ലണ്ടും ജർമനിയും തമ്മിലുള്ള മത്സരം, ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. 70 മിനിറ്റിനുള്ളിൽ ജർമനി രണ്ടുതവണ ഗോളടിച്ച് വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇംഗ്ലണ്ട് ശക്തമായ പോരാട്ടത്തിലൂടെ 13 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചു. 87ാം മിനിറ്റിൽ കായ് ഹാവെർട്‌സ് മറ്റൊരു ഗോൾ നേടി ജർമനിക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഹാവർട്‌സാണ് ഗോളുകൾ നേടിയതെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധം തകർക്കുന്നതിൽ മുസിയാല പ്രധാന പങ്കുവഹിച്ചു. തന്റെ ഡ്രിബ്ലിങ് മികവ് പലതവണ പുറത്തെടുത്ത മിഡ്ഫീൽഡർ ഇംഗ്ലീഷ് താരങ്ങളെ വെള്ളം കുടിപ്പിക്കുന്നത് കാണാമായിരുന്നു.
കഴിഞ്ഞ വർഷം മുതൽ താരം തന്റെ പ്രകടനത്തിൽ ഉണ്ടാക്കിയ മികവ് ജർമൻ കോച്ച് ഹാൻസി ഫ്ലിക്കും സാക്ഷ്യപ്പെടുത്തിയിരുന്നു. "അവൻ ഉണ്ടാക്കിയ പുരോഗതി വളരെ വലുതാണ്. ഇടുങ്ങിയ ഇടങ്ങളിൽ എങ്ങനെ പിടിച്ചുനിൽക്കാമെന്ന് അവനറിയാം. ഡ്രിബ്ലിങ്ങിലും മികച്ച കഴിവുണ്ട്. അവൻ പ്രതിരോധപരമായും വികസിച്ചു. ഞങ്ങൾക്ക് വേണ്ടി പന്ത് ഒരുപാട് തിരികെ നേടിത്തരുന്നു. അവൻ ജർമനിക്ക് വേണ്ടി കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, ജമാലിന്റെ പ്രകടനത്തെക്കുറിച്ച് ഫ്ലിക്ക് പറഞ്ഞു: "അവന്റെ സവിശേഷത എന്താണെന്ന് മത്സരത്തിൽ പലതവണ കാണിച്ചുതന്നു. ഞങ്ങൾക്ക് അത് ആവശ്യമാണ്. ഓരോ ഡ്രിബ്ലിങ്ങിലും അവൻ വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കുന്നു. അതാണ് ജമാലിനെ വ്യത്യസ്തനാക്കുന്നത്''. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ ബയേൺ മ്യൂണിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് മുസിയാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.