സെൽഫ് ഗോൾ തുണച്ചു; വീറോടെ പൊരുതിയ തുർക്കിയയെ വീഴ്ത്തി സെമിയിലേക്ക് ഡച്ച് പടയോട്ടം
text_fieldsബെർലിൻ: യൂറോകപ്പിലെ അവസാന സെമി സ്ഥാനക്കാരെ കണ്ടെത്താനുള്ള ആവേശപ്പോരിൽ തുർക്കിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി നെതർലാൻഡ്സ്. സമാത് അയാക്ദിൻ നേടിയ ഏക ഗോളിൽ ആദ്യ പകുതിയിൽ മുന്നിലെത്തിയ തുർക്കിയയെ സ്റ്റെഫാൻ ഡെ വ്രിജിന്റെ ഗോളിലും മെർത് മുൽദുറിന്റെ സെൽഫ് ഗോളിലുമാണ് ഡച്ചുകാർ മറികടന്നത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കളി നെതർലാൻഡ്സിന്റെ വരുതിയിലായിരുന്നെങ്കിലും തുർക്കിയ പതിയെ ട്രാക്കിൽ കയറിയതോടെ മത്സരം ചൂടുപിടിച്ചു. ഇരുപകുതിയിലും പന്ത് നിരന്തരം കയറിയിറങ്ങി. തുർക്കിയയുടെ മനോഹര മുന്നേറ്റങ്ങൾ പലതും ഡച്ച് പ്രതിരോധക്കോട്ടയിൽ തട്ടി വഴിമാറി. എന്നാൽ, 35ാം മിനിറ്റിൽ ലഭിച്ച കോർണറിനെ തുടർന്ന് അവർ ലീഡ് പിടിച്ചു. റയൽ മാഡ്രിഡിന്റെ കൗമാര താരം ആർദ ഗുലെർ ബോക്സിലേക്ക് നൽകിയ സെറ്റ്പീസ് സമാത് അയാക്ദിൻ ഉയർന്നുചാടി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ഗോൾകീപ്പർ വെർബ്രഗന് ഒരവസരവും നൽകാതെ പന്ത് പോസ്റ്റിനുള്ളിൽ കയറി. ഗോൾ കുടുങ്ങിയതോടെ ഡച്ചുകാർ കൂടുതൽ ഉണർന്നുകളിച്ചെങ്കിലും ആദ്യപകുതിയിൽ മടക്കാനായില്ല.
കത്തിക്കയറിയ രണ്ടാം പകുതി
കത്തിയാളിയ രണ്ടാം പകുതി മത്സരത്തെ യൂറോയിലെ ഏറ്റവും ത്രില്ലിങ് പോരാട്ടങ്ങളിലൊന്നാക്കി മാറ്റി. വിട്ടുകൊടുക്കാനൊരുക്കമല്ലാതെ ഇരു ടീമും എതിർ ബോക്സിൽ നിരന്തരം ഭീതി വിതച്ചുകൊണ്ടിരുന്നു. 51ാം മിനിറ്റിലാണ് നെതർലാൻഡ്സിന് ആദ്യ സുവർണാവസരം ലഭിക്കുന്നത്. ബോക്സിൽ വെച്ച് വെഗോസ്റ്റ് ഹെഡ് ചെയ്തുനൽകിയ പന്ത് കണക്ട് ചെയ്യാൻ മെംഫിസ് ഡിപെക്കായില്ല. തൊട്ടുപിന്നാലെ ആർദ ഗുലെറിനെ നഥാൻ അകെ വീഴ്ത്തിയതിന് തുർക്കിയക്കനുകൂലമായി ഫ്രീകിക്ക്. ഗുലെറിന്റെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങിയത് നെതർലാൻഡ്സിന് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. വൈകാതെ മെംഫിസ് ഡിപെ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ദുർബല ഷോട്ട് എതിർ ഗോൾകീപ്പറുടെ കൈയിലൊടുങ്ങി.
ഗോൾ മടക്കാൻ ഡച്ചുകാർ തുർക്കിയ ഗോൾമുഖത്തേക്ക് പലതവണ ഇരമ്പിയാർത്തെങ്കിലും പ്രതിരോധം ഉറച്ചുനിന്നത് വഴിമുടക്കി. 65ാം മിനിറ്റിൽ തുർക്കിയക്കനുകൂലമായി ലഭിച്ച ഫ്രീകിക്കിനെ തുടർന്ന് യിൽദിസിന്റെ ഷോട്ട് പണിപ്പെട്ടാണ് ഡച്ച് ഗോൾകീപ്പർ തടഞ്ഞിട്ടത്. റീബൗണ്ടിലും ഗോൾ മണത്തെങ്കിലും കോർണർ വഴങ്ങി രക്ഷപ്പെട്ടു. വൈകാതെ വെഗോസ്റ്റിന് ലഭിച്ച അവസരം തുർക്കിയ ഗോൾകീപ്പറും തട്ടിയകറ്റി. ഇതിനെ തുടർന്ന് ലഭിച്ച കോർണർ കിക്കിനൊടുവിൽ ഡച്ചുകാർ ഗോൾ മടക്കുകയും ചെയ്തു. മെംഫിസ് ഡിപെ നൽകിയ ക്രോസ് സ്റ്റെഫാൻ ഡെ വ്രിജ് തകർപ്പൻ ഹെഡറിലൂടെ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.
ലീഡ് പിടിക്കാനുള്ള ഡച്ച് താരങ്ങളുടെ തുടർ നീക്കങ്ങളും വൈകാതെ ഫലം കണ്ടു. 74ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ഡെംഫ്രീസ് നൽകിയ ക്രോസിന് കാൽവെക്കാനുള്ള കോഡി ഗാക്പോയുടെ ശ്രമം തടയുന്നതിനിടെ മുൽദുറിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. അവസാന മിനിറ്റുകളിൽ തുർക്കിയ താരങ്ങൾ എതിർ ബോക്സിൽ പലതവണ റെയ്ഡ് നടത്തി. ഗോൾകീപ്പറും സ്റ്റെഫാൻ ഡെ വ്രിജും ചേർന്നാണ് ഗോളുറപ്പിച്ച ഒരാക്രമണം മനോഹരമായി തടഞ്ഞിട്ടത്. തുർന്ന് ഗാക്പോയുടെ ഷോട്ട് തുർക്കിയ ഗോൾകീപ്പറും നിർവീര്യമാക്കി. തുർക്കിയക്ക് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ലഭിച്ച സുവർണാവസരത്തിനും എതിർ ഗോൾകീപ്പർ തടസ്സം നിന്നു. അവസാന മിനിറ്റുകളിലെ തുർക്കിയ പോരാട്ടം ഫലം കാണാതായതോടെ സ്വപ്ന സെമിയിലേക്ക് ഓറഞ്ചുപടയുടെ പടയോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.