യൂറോ കപ്പിൽ ടോപ് സ്കോററായി ‘സെൽഫ് ഗോൾ’; ഇതുവരെ സ്വന്തം പോസ്റ്റിൽ പന്തടിച്ചത് അഞ്ചുപേർ
text_fieldsമ്യൂണിക്: യൂറോ കപ്പ് പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുമ്പോൾ ‘ടോപ് സ്കോറർ’ സ്ഥാനത്ത് ഇടമുറപ്പിച്ച് ‘ഓൺ ഗോൾ’. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചുപേരാണ് സ്വന്തം പോസ്റ്റിൽ പന്തടിച്ചു കയറ്റിയത്. 2022 ലോകകപ്പിലെ 64 മത്സരങ്ങളിൽ രണ്ട് ഓൺഗോൾ മാത്രമാണ് പിറന്നിരുന്നത്. അതേസമയം, 11 ഓൺഗോൾ പിറന്ന കഴിഞ്ഞ യൂറോക്കാണ് ഇക്കാര്യത്തിൽ റെക്കോഡ്.
യൂറോയിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ ഓൺ ഗോളിന്റെ ‘ഉദ്ഘാടന’വും നടന്നു. ജർമനി-സ്കോട്ട്‍ലൻഡ് മത്സരത്തിൽ ജർമൻ ഡിഫൻഡർ അന്റോണിയോ റൂഡിഗറുടെ വകയായിരുന്നു ഇത്. ആന്റി റോബർട്സൺ എടുത്ത ഫ്രീകിക്ക് സ്കോട്ട് മക് കെന്ന ഹെഡ് ചെയ്തപ്പോൾ റൂഡിഗറുടെ തലയിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
ഫ്രാൻസിനെതിരായ മത്സരത്തിൽ ആസ്ട്രിയയുടെ മാക്സിമിലിയൻ വോബർ, പോർച്ചുഗലിനെതിരെ ചെക്ക് റിപ്പബ്ലിക്കിന്റെ റോബിൻ ഹ്രനാക്, ക്രൊയേഷ്യക്കെതിരെ അൽബേനിയയുടെ ക്ലോസ് ജാസുല, സ്പെയിനിനെതിരെ ഇറ്റലിയുടെ റിക്കാഡോ കലഫിയോരി എന്നിവരാണ് അബദ്ധത്തിൽ എതിർ ടീമുകൾക്ക് ഗോൾ സമ്മാനിച്ച മറ്റുള്ളവർ. കഴിഞ്ഞ ദിവസം നടന്ന സ്പെയിൻ-ഇറ്റലി ഹൈവോൾട്ട് പോരാട്ടത്തിന്റെ വിധി നിർണയിച്ചത് കലഫിയോരിയുടെ സെൽഫ് ഗോൾ ആയിരുന്നു.
രണ്ട് ഗോൾ നേടിയ ജർമനിയുടെ ജമാൽ മുസിയാലയാണ് നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോറർ. 40 പേർ ഓരോ ഗോൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.