സ്പാനിഷ് അർമഡക്കെതിരെ ക്രോട്ട് കരുത്ത്
text_fieldsകോപൻഹേഗൻ: ലോകകപ്പിൽ സെമിയിലും ഫൈനലിലും എത്തിയിട്ടുണ്ടെങ്കിലും യൂറോകപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാൻ ക്രൊയേഷ്യക്കായിട്ടില്ല. 1996ലും 2008ലും ക്വാർട്ടറിൽ കടന്നതാണ് മികച്ച നേട്ടം. ഇന്ന് സ്പെയ്നിനെ തോൽപിച്ചാൽ ഇത്തവണയും അതിനൊപ്പമെത്താം. എന്നാൽ, അതും കടന്ന് മുന്നോട്ടു പോവുകയാണ് കോച്ച് സ്ലാറ്റ്കോ ഡാലിചിെൻറ ലക്ഷ്യം. എന്നാൽ, അതിനുവേണ്ട കളി ക്രോട്ടുകൾ ഇതുവരെ കാഴ്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ആദ്യ കളിയിൽ തോറ്റ്, അടുത്ത കളിയിൽ സമനില പിടിച്ച്, അവസാന കളിയിൽ ജയിച്ചാണ് ഗ്രൂപ് ഡിയിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറിയത്. ഓരോ കളിയിലുമുണ്ടായ മെച്ചപ്പെടൽ തുടർന്നാൽ സ്പെയ്നിനെതിരെയും സാധ്യതയുണ്ട്. ലൂക മോഡ്രിചും മാഴ്സലോ ബ്രോസോവിചും മാറ്റിയോ കൊവാസിചുമടങ്ങിയ മധ്യനിരയാണ് ടീമിെൻറ കരുത്ത്. 35ാം വയസ്സിലും മികവ് തുടരുന്ന മോഡ്രിച് തന്നെയാണ് ടീമിെൻറ നട്ടെല്ല്. ആൻഡെ റെബിചും നികോള വ്ലാസിചുമടങ്ങുന്ന സ്ട്രൈക്കിങ് സഖ്യം കാര്യമായി സ്കോർ ചെയ്യാത്തതാണ് ടീമിനെ കുഴക്കുന്നത്. മറുവശത്ത് സ്പെയിനിെൻറ കാര്യവും വ്യത്യസ്തമല്ല. ആദ്യ രണ്ടുകളികളിലും നിരാശാജനകമായ സമനില വഴങ്ങിയ ശേഷം അവസാന കളിയിൽ സ്ലൊവാക്യയെ 5-0ത്തിന് തകർത്തായിരുന്നു ലൂയിസ് എൻറിക്വെയുടെ ടീമിെൻറ പ്രീക്വാർട്ടർ പ്രവേശനം. പ്രതിഭകളുടെ ടീമാണെങ്കിലും ലക്ഷണമൊത്ത പ്ലേമേക്കറുടെയും പ്രഹരശേഷിയുള്ള സ്ട്രൈക്കറുടെയും അഭാവമുണ്ട്. 2008ലും 2012ലും ചാമ്പ്യന്മാരായ ടീമിെൻറ അടുത്തെത്തുന്ന ടീമല്ല ഇപ്പോഴത്തേത്. മുൻനിരയിൽ അൽവാരോ മൊറാറ്റയും ജെറാഡ് മൊറേനോയും ഇതുവരെ പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല.
മധ്യനിരയിൽ കോക്കെയും പെഡ്രിയും മുൻനിരക്ക് പന്തെത്തിക്കുന്നുണ്ടെങ്കിലും കളിയുടെ ഗതി നിർണയിക്കുന്ന ശക്തികളാവുന്നില്ല. എന്നാൽ, ഹോൾഡിങ് മിഡ്ഫീൽഡർ സെർജിയോ ബുസ്ക്വെറ്റ്സ് തിരിച്ചെത്തിയത് ടീമിെൻറ കളിയിൽ മാറ്റം വരുത്തിയത് സ്ലൊവാക്യക്കെതിരെ ദൃശ്യമായിരുന്നു. പിൻനിരയിൽ സെസാർ അസ്പിലക്യൂറ്റ, എറിക് ഗാർഷ്യ, അയ്മറിക് ലാപോർട്ടെ, ജോർഡി ആൽബ സഖ്യം വിശ്വസ്തരാണ്. ഉനായി സിമോണാണ് വല കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.