തോറ്റു തോറ്റ് പാകിസ്താൻ
text_fieldsബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ മൂന്നാം തോൽവിയോടെ പാകിസ്താന് മടക്കം. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേപ്പാളിനോട് ഒറ്റ ഗോളിനായിരുന്നു പരാജയം. അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താന്റെ തുടർച്ചയായ 12ാം തോൽവിയാണിത്. പകരക്കാരനായിറങ്ങിയ ആശിഷ് ചൗധരി നേപ്പാളിനായി വിജയഗോൾ നേടി. 2018ലെ സാഫ് കപ്പിൽ ഇന്ത്യയോട് തോറ്റ പാകിസ്താൻ പിന്നീടുള്ള മത്സരങ്ങളിൽ ഒറ്റ ഗോൾപോലും നേടിയിട്ടില്ല.
കഴിഞ്ഞ നവംബറിൽ നേപ്പാളുമായി നടന്ന സൗഹൃദ മത്സരത്തിലും 1-0 ന് തോറ്റിരുന്നു. രണ്ടു മത്സരങ്ങൾ തോറ്റ് ഗ്രൂപ് എയിൽനിന്ന് സെമി കാണാതെ പുറത്തായ പാകിസ്താനും നേപ്പാളും തമ്മിലെ മത്സരഫലം അപ്രസക്തമായിരുന്നെങ്കിലും ആശ്വാസജയം തേടിയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.
പാകിസ്താന്റെ ഒറ്റപ്പെട്ട നീക്കങ്ങൾക്ക് നേപ്പാളിന്റെ സംഘടിത ആക്രമണമായിരുന്നു മറുപടി. ഇരു ടീമും ഗോളവസരങ്ങൾ കളഞ്ഞുകുളിച്ച മത്സരത്തിന്റെ 80ാം മിനിറ്റിൽ പാകിസ്താന്റെ വിധിയെഴുതിയ ഗോൾ പിറന്നു. പാക് താരത്തിൽനിന്ന് പിടിച്ചെടുത്ത പന്ത് നേപ്പാൾ താരം എറിക് ബിസ്ത സഹതാരം ലകൻ ലിംബുവിന് കൈമാറി. ലിംബുവിൽനിന്ന് പാസ് സ്വീകരിച്ച ആശിഷ് സമയം കളയാതെ പന്ത് വലക്കകത്താക്കി.
കളിയുടെ അവസാന മിനിറ്റുകളിൽ സമനില ഗോളിനായി പാകിസ്താൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച ഗ്രൂപ് ബിയിലെ അവസാന മത്സരങ്ങൾ അരങ്ങേറും. ലബനാൻ മാലദ്വീപിനെയും ഭൂട്ടാൻ ബംഗ്ലാദേശിനെയും നേരിടും. ആറു പോയന്റുമായി മുന്നിലുള്ള ലബനാൻ മാലദ്വീപിനെ കീഴടക്കിയാൽ ഗ്രൂപ് ജേതാക്കളാവും. മാലദ്വീപിനും ബംഗ്ലാദേശിനും മൂന്ന് പോയന്റ് വീതമാണുള്ളത്. സെമി ഫൈനലിൽ കടക്കാൻ ഇരു ടീമിനും ജയം അനിവാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.