‘ലോകമേ കാണൂ...ഈ മോഹങ്ങൾക്ക് മരണമില്ല!’ ചോരാത്ത പോരാട്ടവീര്യവുമായി ഫുട്ബാളിൽ ചരിത്രം കുറിച്ച് ഫലസ്തീൻ
text_fieldsദോഹ: പിറന്ന മണ്ണിൽ ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരതകൾക്ക് നടുവിലും വീറോടെ നെഞ്ചുയർത്തിപ്പിടിക്കുന്ന ഫലസ്തീൻ കളിയുടെ പുൽമേട്ടിൽ കുറിച്ചിട്ടത് സമാനതകളില്ലാത്ത ചരിത്രം. കനത്തുപെയ്യുന്ന ദുരിത തീരത്ത് സ്വന്തം ജനത കൂട്ടക്കുരുതിയിലും തളരാത്ത നെഞ്ചുറപ്പുകാട്ടുന്ന കാലത്ത് ഇതാദ്യമായി ഫുട്ബാൾ ലോകകപ്പ് യോഗ്യത മത്സരത്തിന്‍റെ മൂന്നാംറൗണ്ടിൽ ബർത്തുറപ്പിച്ച് അഭിമാനനേട്ടം കൊയ്തിരിക്കുകയാണ് ഫലസ്തീന്റെ ധീരപോരാളികൾ. ദോഹയിൽ നടന്ന മത്സരത്തിൽ ലെബനാന്റെ പോരാട്ടവീര്യത്തെ ഗോളില്ലാ സമനിലയിൽ കുരുക്കിയാണ് ചരിത്രനേട്ടത്തിലെത്തിയത്.
ഗസ്സയിലും റഫയിലുമൊക്കെ കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന നിരപരാധികൾ മരിച്ചുവീഴുമ്പോഴും മനംതകരാതെ പന്തുതട്ടിയ ഫലസ്തീൻ യുവാക്കൾ കഴിഞ്ഞ ഏഷ്യൻ കപ്പിൽ നോക്കൗട്ട് റൗണ്ടിലെത്തിയും കരുത്തുകാട്ടിയിരുന്നു. തൽക്കാലത്തേക്ക് തങ്ങളുടെ ഹോംഗ്രൗണ്ടായി മാറിയ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ലെബനാനെതിരെ ഒരു സമനില മതിയായിരുന്നു ഫലസ്തീന് മൂന്നാം റൗണ്ടെന്ന മോഹം സാക്ഷാത്കരിക്കാൻ. അതിലേക്ക് ഉറച്ച മനസ്സാന്നിധ്യത്തോടെയാണ് അവർ പന്തുതട്ടിക്കയറിയത്. എതിരാളികളുടെ വെല്ലുവിളികളെ അതിജീവിച്ച് ഒടുവിൽ ജയത്തോളം പോന്ന സമനില അവർ നേടിയെടുത്തു.
ആസ്ട്രേലിയയും ലെബനാനും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പ് ‘ഐ’യിലാണ് ഫലസ്തീൻ. നാലു കളികളിൽ രണ്ടു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി അവർ ഏഴു പോയന്റുമായാണ് ലബനാനെ നേരിടാനെത്തിയത്. നിർണായക മത്സരത്തിൽ സമനില പിടിച്ചതോടെ ഗ്രൂപ്പ് ഐയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ട് ഉറപ്പിച്ചു. 2027ൽ സൗദി അറേബ്യ വേദിയാകുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനും ടീം യോഗ്യത നേടി. തുടർച്ചയായ നാലാം തവണയാണ് ഫലസ്തീൻ ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.
ജൂൺ 11ന് രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ആസ്ട്രേലിയയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിൽ പരാജയപ്പെട്ടാലും ഗ്രൂപ്പിലെ ടീം സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ല. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലേക്ക് കടക്കുക. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ ഒന്നാം സ്ഥാനക്കാരായി നേരത്തെ തന്നെ മൂന്നാം റൗണ്ട് ഉറപ്പിച്ചിരുന്നു. ലെബനാൻ മൂന്നു പോയന്‍റുമായി മൂന്നാമതും ബംഗ്ലാദേശ് ഒരു പോയന്‍റുമായി അവസാന സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.