ഫ്രഞ്ച് കപ്പിലും പി.എസ്.ജി മുത്തം; പാരിസിൽ പെയ്തൊഴിഞ്ഞ് എംബാപ്പെ
text_fieldsപാരിസ്: ലീഗ് വണ്ണിനും ഫ്രഞ്ച് സൂപ്പർ കപ്പിനും പിന്നാലെ ഫ്രഞ്ച് കപ്പിലും മുത്തമിട്ട് പാരിസ് സെന്റ് ജെർമെയ്ൻ. പൊരുതിക്കളിച്ച ലിയോണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് സീസണിൽ പി.എസ്.ജിയുടെ മൂന്നാം കിരീടനേട്ടം. ഫ്രഞ്ച് കപ്പിൽ ഇത് 15-ാം തവണയാണ് പി.എസ്.ജി വെന്നിക്കൊടി നാട്ടുന്നത്.
പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ കിലിയൻ എംബാപ്പെക്ക് ക്ലബിനുവേണ്ടിയുള്ള അവസാന മത്സരത്തിൽ വല കുലുക്കാനായില്ല. സീസണിനുശേഷം ഫ്രഞ്ച് സ്ട്രൈക്കർ പി.എസ്.ജി വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളിൽനിന്ന് പി.എസ്.ജിക്കുവേണ്ടി എംബാപ്പെ 256 ഗോളുകളാണ് നേടിയത്.
ആദ്യപകുതിയിൽ ഉസ്മാൻ ഡെംബലെയും ഫാബിയാൻ റൂയിസും നേടിയ ഗോളുകളാണ് പാരിസുകാരെ തുണച്ചത്. ലില്ലെയുടെ തട്ടകമായ സ്റ്റേഡ് പിയറി-മൗറോയിയിൽ 23-ാം മിനിറ്റിലായിരുന്നു ഡെംബലെയുടെ ഗോൾ. നൂനോ മെൻഡെസിന്റെ ക്രോസ്, ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന തന്നിലേക്കെത്തിയപ്പോൾ ഡെംബലെ കൃത്യമായി വലയിലേക്ക് ഹെഡറുതിർക്കുകയായിരുന്നു.
പിന്നാലെ റൂയിസ് ലീഡ് ഇരട്ടിയാക്കി. ക്ലോസ് റേഞ്ചിൽനിന്നുള്ള ശ്രമം ലിയോൺ ഗോളി ലൂകാസ് പെറി തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ശ്രമകരമായ ആംഗിളിൽനിന്ന് റൂയിസ് പന്ത് വലക്കുള്ളിലേക്ക് അടിച്ചുകയറ്റി. ലൂകാസ് പെറിയുടെ തകർപ്പൻ പ്രകടനമാണ് പലതവണ പി.എസ്.ജിക്കും ഗോളിനുമിടയിൽ വിലങ്ങുതടിയായത്. 55-ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് തകർപ്പൻ ഹെഡറുതിർത്ത് ജേക് ഓബ്രിയന്റെ വകയായിരുന്നു ലിയോണിന്റെ ആശ്വാസഗോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.