സൂപ്പർതാരം നെയ്മർ ദോഹയിൽ കണങ്കാൽ ശസ്ത്രക്രിയക്ക് വിധേയനായി
text_fieldsപി.എസ്.ജിയുടെ ബ്രസീൽ സൂപ്പർതാരം നെയ്മർ വലതു കണങ്കാൽ ശസ്ത്രക്രിയക്കു വിധേയനായി. ദോഹയിലെ അസ്‌പെതർ ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ക്ലബ് അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 19ന് ഫ്രഞ്ച് ലീഗ് വണിൽ ലില്ലെക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്‍റെ കണങ്കാലിന് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരവും ലീഗ് വണ്ണിലെ മൂന്നു മത്സരവും താരത്തിന് നഷ്ടമായിരുന്നു. 31കാരന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. 2017ൽ ലോക റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് ആറു സീസണിനിടെ നൂറിലധികം മത്സരങ്ങളാണ് പരിക്കുമൂലം നഷ്ടമായത്.
2018ലെ മെറ്റാറ്ററാസൽ (കണങ്കാലിൽനിന്ന് വിരലിലേക്കുള്ള എല്ലുകൾ) പരിക്ക് 16 കളികളും 2019ലെ സമാന പരിക്ക് 18 മത്സരങ്ങളും 2022ലെ കണങ്കാൽ പരിക്ക് 13 കളികളും താരത്തിന് നഷ്ടപ്പെടുത്തി. ബ്രസീൽ ദേശീയ ടീമിനായി കളിക്കുമ്പോഴും നിരന്തര പരിക്കുകൾ താരത്തെ വേട്ടയാടി. സീസണിൽ പി.എസ്.ജിക്കായി 13 ഗോളുകൾ നേടിയ താരം 11 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. നെയ്മറിന്‍റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ക്ലബ് അധികൃതർ കൃത്യമായി മറുപടി നൽകിയിട്ടില്ല.
താരം ഇപ്പോൾ വിശ്രമത്തിന്റെയും ചികിത്സയുടെയും പ്രോട്ടോക്കോൾ പിന്തുടരുകയാണെന്നു മാത്രമാണ് ക്ലബ് ഇതിനു നൽകുന്ന മറുപടി. കരുത്തനായി മടങ്ങിയെത്തുമെന്ന് കഴിഞ്ഞയാഴ്ച നെയ്മർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. നിലവിൽ ലീഗ് വണ്ണിൽ എട്ടു പോയന്‍റിന്‍റെ ലീഡുമായി പി.എസ്.ജിയാണ് ഒന്നാമത്. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ രണ്ടാം തവണയും ക്വാർട്ടർ കാണാതെ പുറത്തായത് ക്ലബിന് കനത്ത തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.