മൈതാനത്തെ ചുവപ്പു കാർഡിന് ടണലിൽ ലിലെ താരവുമായി 'അടികൂടി' നെയ്മർ; നിർണായക അങ്കം തോറ്റ് പി.എസ്.ജി
text_fieldsപാരിസ്: ഫ്രഞ്ച് ലീഗിൽ ആദ്യ സ്ഥാനങ്ങളിലുള്ള കരുത്തരുടെ നേരങ്കത്തിൽ തോൽവിഭാരവുമായി പാരിസ് സെന്‍റ് ജർമൻ. ലീഗ് വണ്ണിൽ ഒന്നാമന്മാരായ ലിലെയോടാണ് ഏകപക്ഷീയമായ ഒരു േഗാളിന് പി.എസ്.ജി തോറ്റത്. ആദ്യപകുതിയുടെ 20ാം മിനിറ്റിൽ ലിലെ താരം 22കാരനായ ജൊനാഥൻ േഡവിഡാണ് പി.എസ്.ജിയുടെ അന്തകനായത്.
ആദ്യാവസാനം മൈതാനം നിറഞ്ഞ സൂപർ താരം നെയ്മർ ലിലെ പെനാൽറ്റി ബോക്സിൽ അപകടം വിതച്ച അവസാന നിമിഷങ്ങളിൽ അപകടമൊഴിവാക്കുന്നതിനിടെ തിയാഗോ ജാലോയുമായുണ്ടായ കൈയാങ്കളിയിൽ ഇരുവരും കാർഡ് കണ്ട് പുറത്തായത് കളിക്കു ശേഷവും പ്രശ്നങ്ങൾക്കിടയാക്കി.
പന്ത് കാലിൽനിന്ന് പോയതോടെ പ്രതിഷേധിച്ച് ജാലോയെ തള്ളിമാറ്റുന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ശരിക്കും 'ബോക്സിങ്' സ്റ്റൈലിലായിരുന്നു നെയ്മറുടെ മറിച്ചിടൽ. കടുത്ത ഭാഷയിൽ പ്രതികരിച്ച ജാലോക്കും നെയ്മർക്കും ഒന്നിച്ചു കാർഡ് നൽകിയ റഫറി രണ്ടാം മഞ്ഞക്കാർഡായതിനാൽ ഇരുവർക്കും ചുവപ്പും കാണിച്ചു. ഇതോടെ പുറത്തുപോയ ഇരുവരും പുറത്ത് ടണലിലും പരസ്പരം കൊമ്പുകോർത്തു. കൈ കൊണ്ടു സാധിക്കാത്തത് നാവു കൊണ്ട് പറഞ്ഞുതീർക്കാനുള്ള ശ്രമം സുരക്ഷ ജീവനക്കാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്.
നെയ്മറുടെ ചുവപ്പുകാർഡും അപ്രതീക്ഷിത തോൽവിയും ഒരേ ദിവസം കിട്ടിയ പി.എസ്.ജിക്ക് തുടർച്ചയായ നാലാം കിരീടമെന്ന സ്വപ്നനേട്ടം പിടിക്കാനാവുമോയെന്ന ആശങ്കക്ക് ശക്തികൂടി. ലിലെ മൂന്നു പോയിന്‍റ് കൂടുതൽ നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 31 കളികൾ പൂർത്തിയാക്കിയ ലിലെക്ക് 66 പോയിന്‍റാണ് സമ്പാദ്യം. അത്രയും കളികൾ പൂർത്തിയാക്കിയ പി.എസ്.ജി 63ഉം മൊണാകോ 62ഉം ലിയോൺ 61ഉം പോയിന്‍റുമായി രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.