പാർക് ഡി പ്രിൻസിൽ പിന്നെയും കളിമറന്ന് പി.എസ്.ജി; ടീം തോൽക്കുേമ്പാൾ ഡി മരിയയുടെ വീട്ടിൽ മോഷണവും
text_fields
പാരിസ്: തുടർതോൽവികളുമായി ഇംഗ്ലണ്ടിൽ സ്വന്തം കളിമുറ്റം ഭയക്കുന്ന ലിവർപൂളിന്‍റെ ഗതികേടിലേക്കോ പാരിസ് സെന്‍റ് ജെർമൻ. പാർക് ഡി പ്രിൻസിൽ തുടർച്ചയായ രണ്ടാം കളിയിലും ദുർബലരായ എതിരാളികൾക്ക് മുന്നിൽ വഴുതിവീണ് ലീഗിൽ ഒന്നാമതെത്താനുള്ള അവസരം പി.എസ്.ജി കളഞ്ഞുകുളിച്ചു. പട്ടികയിൽ 17ാമന്മാരായ നാന്‍റെസിനു മുന്നിലാണ് ആദ്യം ഗോളടിച്ചിട്ടും പിന്നീട് രണ്ടെണ്ണം വാങ്ങി പി.എസ്.ജി തോറ്റുമടങ്ങിയത്.
ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ ജൂലിയൻ ഡ്രാക്സ്ലർ ആണ് പി.എസ്.ജിയെ മുന്നിലെത്തിച്ച് കളിയിലെ ആദ്യ ഗോൾ നേടിയത്. പക്ഷേ, രണ്ടാം പകുതിയിൽ കിലിയൻ എംബാപെയുടെ പിഴവ് മുതലെടുത്ത് കോളോ മുവാനി 59ാം മിനിറ്റിൽ നാന്‍റെസിന് സമനില നൽകി. മോസസ് സൈമൺ 12 മിനിറ്റ് കഴിഞ്ഞ് ലക്ഷ്യംകണ്ടതോടെ നാന്‍റെസിന് സ്വപ്നങ്ങൾക്കുമപ്പുറത്തെ ജയം.
തോൽവിയോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് പി.എസ്.ജി നഷ്ടപ്പെടുത്തിയത്. കരുത്തരുടെ പോരാട്ടത്തിൽ മൊണാകൊയോട് സമനില വഴങ്ങിയിട്ടും പട്ടികയിൽ ലിലെ ഒന്നാം സ്ഥാനം നിലനിർത്തി. പി.എസ്.ജിക്കു പിറകിൽ ലിയോണാണ് മൂന്നാമത്. മൊണാകോ, മാഴ്സെ ടീമുകൾ യഥാക്രമം നാലും അഞ്ചൂം സ്ഥാനങ്ങളിലുണ്ട്.
അടുത്തിടെ ബാഴ്സയെ കീഴടക്കി ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലേക്ക് കുതിച്ച പി.എസ്.ജി ഈ സീസണിൽ ഇതുവരെ ഏഴു കളികൾ പരാജയപ്പെട്ടിട്ടുണ്ട്. സ്വന്തം മൈതാനമായ പാർക് ഡി പ്രിൻസിൽ തുടർച്ചയായ രണ്ടാം തോൽവിയും. 2012നു ശേഷം ആദ്യമായാണ് ഇതേ മൈതാനത്ത് തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങുന്നത്. അതും, പോയിന്‍റ് പട്ടികയിൽ താഴെയുള്ള നാന്‍റെസിനോടും.
അതിനിടെ, ഫോമിലായിരുന്ന എയ്ഞ്ചൽ ഡി മരിയക്ക് കളിക്കിടയിൽ അപ്രതീക്ഷിതമായി പകരക്കാരൻ ഇറങ്ങിയതും വളരെ പെട്ടെന്ന് ടണൽ വഴി അപ്രത്യക്ഷനായതും കൗതുകമായി. വീട്ടിൽ കവർച്ചക്കാർ കയറിയതറിഞ്ഞായിരുന്നു മൈതാനം വിട്ടതെന്ന് പിന്നീട് വിശദീകരണവുമെത്തി.
കളി ഒരു മണിക്കൂർ എത്തുേമ്പാഴായിരുന്നു സ്പോർടിങ് ഡയറക്ടർ ലിയോനാർഡോക്ക് വിളിയെത്തിയത്. മൈതാനത്തിനു പുറത്തുണ്ടായിരുന്ന മാച്ച് ഒഫീഷ്യലുമായും കോച്ച് പൊച്ചെറ്റിനോയുമായും സംസാരിച്ചു. വൈകാതെ ഡി മരിയ പുറത്തേക്ക്. ഡി മരിയയുടെ ഭാര്യയെയും കുടുംബത്തെയും അൽപനേരം ബന്ദിയാക്കിയായിരുന്നു കവർച്ചയെന്നാണ് സൂചന. അടുത്തിടെ മറ്റൊരു താരം മാർക്വിഞ്ഞോസും സമാനമായി കവർച്ചക്കാരുടെ ആക്രമണത്തിനിരയായിരുന്നു. മാതാപിതാക്കളായിരുന്നു അന്ന് ബന്ദികളാക്കപ്പെട്ടതും അക്രമത്തിനിരയായതും. പാരിസ് ടീം അംഗങ്ങളായ സെർജിയോ റികോ, മോറോ ഇക്കാർഡി, തിയാഗോ സിൽവ, ചോപോ മോട്ടിങ് തുടങ്ങിയവരും മോഷണത്തിനിരയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.