പോഗ്ബ യുനൈറ്റഡ് വിട്ടു; യുവന്റസിലേക്കെന്ന് റിപ്പോർട്ട്
text_fieldsഫ്രഞ്ച് ഫുട്‌ബാൾ താരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടു. ക്ലബുമായി കരാര്‍ അവസാനിച്ച മിഡ്ഫീൽഡർ ഫ്രീ ഏജന്റായാണ് ടീം വിടുന്നത്. തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്ററിന്റെ യൂത്ത് വിങ്ങിലൂടെ 16ാം വയസ്സിലാണ് പോഗ്ബ ഓള്‍ഡ് ട്രാഫോഡില്‍ എത്തിയത്. 2012ല്‍ യുനൈറ്റഡ് വിട്ട് യുവന്റസിലേക്ക് മാറി. 2016ല്‍ ജോസ് മൗറീഞ്ഞോ മാനേജറായി ചുമതലയേറ്റതോടെയാണ് 116 മില്യൺ ഡോളറെന്ന റെക്കോര്‍ഡ് തുകക്ക് മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയത്.
യുനൈറ്റഡിലെത്തി ആദ്യ സീസണിൽ ലീഗ് കപ്പും യൂറോപ ലീഗും നേടിയെങ്കിലും പിന്നീട് ക്ലബിനൊപ്പം നേട്ടങ്ങളുണ്ടാക്കാന്‍ പോഗ്ബക്കായിരുന്നില്ല. പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഫ്രാന്‍സിനായി ലോകകപ്പിലും യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയ മിഡ്ഫീൽഡർക്ക് ആ മികവ് യുനൈറ്റഡില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പോഗ്ബയെ വേണ്ട രീതിയിൽ ക്ലബ് ഉപയോഗപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു. യുനൈറ്റഡിനായി 226 മത്സരങ്ങളിൽനിന്ന് 39 ഗോളുകളാണ് 29കാരന്‍ നേടിയത്.
ഏപ്രിലിൽ ലിവർപൂളിനെതിരെയായിരുന്നു അവസാന മത്സരം. 4-1ന് യുനൈറ്റഡ് തോറ്റ മത്സരത്തിന്റെ ആദ്യ പകുതിയിൽ താരം പരിക്കേറ്റ് മടങ്ങിയിരുന്നു. 2019ല്‍ താരം ക്ലബ് വിടാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.