എംബാപ്പക്ക് പരിക്കുപറ്റാൻ പോഗ്ബ ദുർമന്ത്രവാദം നടത്തിയെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ
text_fieldsപാരിസ്: സഹോദരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന പോൾ പോഗ്ബയുടെ വെളിപ്പെടുത്തലിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാസംഘത്തിന്റെ ദശലക്ഷക്കണക്കിന് യൂറോയുടെ ബ്ലാക്ക്‌മെയിൽ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നുമാണ് ലോകകപ്പ് നേടിയ ഫ്രാൻസ് ടീമംഗവും യുവൻറസ് താരവുമായ പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പോളിനെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകളെന്ന അവകാശവാദവുമായി സഹോദരൻ മതിയാസ് പോഗ്ബ ഫ്രഞ്ച്, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വിഡിയോക്ക് പിന്നാലെ സൂപ്പർ താരത്തിന്റെ അഭിഭാഷകരും അമ്മയും യോ മോറിബയും നിലവിലെ ഏജന്റ് റാഫേല പിമെന്റയും ഒപ്പിട്ട പ്രസ്താവനയും പുറത്തുവന്നു. മതിയാസിന്റെ വിഡിയോയിൽ ഒട്ടും അതിശയോക്തിയില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. യോ മോറിബയുടെ മറ്റൊരു മകനും മതിയാസിന്റെ ഇരട്ട സഹോദരനുമായ ഫ്ലോറന്റീൻ പോഗ്ബ കൊൽക്കത്ത എ.ടി.കെ മോഹൻബഗാൻ താരമാണ്. ഗിനിയക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങിയ മതിയാസ് നിരവധി ക്ലബ്ബുകളുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്. പോൾ പോഗ്ബയുടെ മൂത്ത സഹോദരന്മാരാണ് ഇരുവരും.
ഏപ്രിലിൽ അന്തരിച്ച മുൻ ഏജന്റ് മിനോ റയോളയുടെ കമ്പനിയുടെ മേധാവിയായി ചുമതലയേറ്റ റാഫേല പിമെന്റയെയും സഹോദരൻ പോൾ പോഗ്ബയെയും കുറിച്ച് വലിയ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് 32 കാരനായ മതിയാസ് പറയുന്നത്. ഫ്രഞ്ച് ടീമിലെയും യുവന്റസിലെയും സ്ഥാനത്തിനും ലോകകപ്പിൽ കളിക്കാനും അർഹനാണോയെന്ന് തീരുമാനിക്കാൻ ആളുകൾ പലതും മനസ്സിലാക്കേണ്ടതുണ്ട്. കിലിയൻ എംബാപ്പെക്കെതിരെ പോൾ ദുർമന്ത്രവാദം നടത്തിയെന്ന് മതിയാസ് ആരോപിച്ചു. അതേസമയം, വെളിപ്പെടുത്തലുകൾ ഒഴിവാക്കാൻ പോൾ പോഗ്ബയിൽ നിന്ന് ബാല്യകാല സുഹൃത്തുക്കളും സഹോദരനും വലിയ തുക ആവശ്യപ്പെടുന്നതായും തോക്ക് ധാരികൾ താരത്തെ ഭീഷണിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.