ലോക ഫുട്ബാളിന്റെ ശ്രദ്ധയാവാഹിച്ച് പെഡ്രി; ഇവൻ ഭാവിയുടെ സൂപ്പർതാരമെന്ന് ലിനേക്കർ
text_fieldsലണ്ടൻ: വെംബ്ലിയിലെ മൈതാനത്ത് ഇറ്റലിയോടേറ്റുമുട്ടി ഇഞ്ചിന് ഇടറിവീണെങ്കിലും സ്പെയിൻ ടീമിന് അഭിമാനിക്കാൻ പലതുമുണ്ട്. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് മുൻനിർത്തി യുവതാരങ്ങളടങ്ങുന്ന നിരയെ വാർത്തെടുക്കുന്നതിന്റെ ഉശിരൻ കളരിയായി ഈ യൂേറാകപ്പ് മാറിയെന്നതാണ് അതിൽ പ്രധാനം.
അസൂറികൾക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിൽ കഷ്ടിച്ച് വീണുപോയ സ്പാനിഷ് നിരയിൽ ഇക്കുറി ലോകം ശ്രദ്ധിച്ച ഒരു കളിക്കാരനുണ്ടായിരുന്നു. പതിനെട്ടു വയസ്സു മാത്രമുള്ള പെഡ്രോ ഗോൺസാലസ് ലോപസ് എന്ന പെഡ്രിയായിരുന്നു അത്. സ്പാനിഷ് മധ്യനിരയിൽ ആക്രമണങ്ങൾക്ക് പിഴവുകളില്ലാതെ കരുനീക്കിയ ഈ കൗമാരക്കാരനെ പ്രകീർത്തിക്കുകയാണ് ഫുട്ബാൾ ലോകം. 'പെഡ്രി വളരെ നന്നായി കളിക്കുന്നു. ഭാവിയിലെ സൂപ്പർതാരമാണവൻ. ഗംഭീര ഫുട്ബാളർ' -ഇംഗ്ലണ്ടിന്‍റെ വിഖ്യാതതാരം ഗാരി ലിനേക്കർ ട്വീറ്റ് ചെയ്തു.
ഈ യൂറോയിൽ അവസാന നാലിലെത്തിയ സ്പെയിനിെന്റ മികച്ച കളിക്കാരിലൊരാൾ ഈ ബാഴ്സലോണ താരമായിരുന്നു. യൂറോകപ്പ് സെമിയിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവും വെംബ്ലിയിൽ പെഡ്രിയെ തേടിയെത്തി. ഇറ്റലിക്കെതിരായ സെമിയിലെ റെഗുലർ ൈടമിൽ 55 പാസുകൾ പൂർത്തിയാക്കിയ പെഡ്രി കിക്കോഫ് വിസിൽ മുതൽ മധ്യനിര നിറഞ്ഞുനിന്നു. ലോക ഫുട്ബാളിലെ വമ്പൻ ക്ലബുകൾ ഏറെയും ഈ സെൻട്രൽ മിഡ്ഫീൽഡറിൽ നോട്ടമിട്ടുകഴിഞ്ഞു.
സ്പെയിനിന്റെ വിഖ്യാത താരം ആേന്ദ്ര ഇനിയസ്റ്റയോടാണ് കോച്ച് ലൂയി എൻറിക്ക് പെഡ്രിയെ താരതമ്യപ്പെടുത്തുന്നത്. '18ാം വയസ്സിൽ ഈ ടൂർണമെന്‍റിൽ പെഡ്രി പുറത്തെടുത്തത് അവിശ്വസനീയ ഗെയിമായിരുന്നു. ഈ പ്രായത്തിൽ ഇനിയസ്റ്റക്കുപോലും കഴിയാത്തതാണത്.' -കോച്ച് പറയുന്നു. ഇനിയസ്റ്റ-സാവി ജോടിക്കുശേഷം സ്പാനിഷ് മധ്യനിരയിൽ സമർഥമായി കരുക്കൾ പ്രതിഭാധനനായ ഒരാൾ എത്തിയിരിക്കുന്നുവെന്ന് പല ഫുട്ബാൾ വിദഗ്ധരും ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 25ന് ഗ്രീസിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ദേശീയ ജഴ്സിയിൽ പെഡ്രിയുടെ അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.