ബാഴ്സയിൽ 'പെഡ്രിമാനിയ'; സെവിയ്യയെ തോൽപിച്ച് ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക്
text_fieldsബാഴ്സലോണ: കൗമാര താരോദയം പെഡ്രിയുടെ ഗോൾ മികവിൽ സെവിയ്യയെ 1-0ത്തിന് തോൽപിച്ച് ബാഴ്സലോണ ലാലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ബാഴ്സയുടെ ലീഗിലെ തുടർച്ചയായ ആറാം ജയമാണിത്. 2022ൽ ചാവിയും സംഘവും തോൽവിയറിയാതെ കുതിക്കുകയാണ്. ഒമ്പത് മത്സരങ്ങളാണ് ബാഴ്സ ഈ വർഷം തോൽവിയറിയാതെ പൂർത്തിയാക്കിയത്.
ലയണൽ മെസ്സിയുടെ ട്രേഡ്മാർക്ക് ഗോളുകൾക്ക് സമാനമായിരുന്നു രണ്ടാം പകുതിയിലെ 19കാരനായ പെഡ്രിയുടെ ഗോൾ. ബാഴ്സ മുന്നേറ്റനിരയെ പൂട്ടുന്ന തരത്തിൽ ശക്തമായ പ്രതിരോധ സംവിധാനവുമായാണ് സെവിയ്യ മത്സരത്തിനെത്തിയത്. ആദ്യ പകുതിയിൽ ബാഴ്സയെ പിടിച്ചുകെട്ടാൻ അവർക്കായി. സെവിയ്യ ഗോൾകീപ്പർ യൂനുസ് ബൂനുവും ബാഴ്സക്ക് മുന്നിൽ വൻമതിലായി നിലകൊണ്ടു. ക്ലോസ് റേഞ്ചിൽ ബാഴ്സ താരങ്ങളുടെ നാല് ഷോട്ടുകളെങ്കിലും ബൂനു രക്ഷപെടുത്തി.
72ാം മിനിറ്റിൽ ബോക്സിന് പുറത്ത് മൂന്ന് സെവിയ്യ ഡിഫൻഡർമാരെ ചടുല നീക്കങ്ങൾ കൊണ്ട് ഡ്രിബ്ൾ ചെയ്ത പെഡ്രി ഇതിനിടെ കണ്ടെത്തിയ വിടവിലൂടെ പന്ത് പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. യൂനുസ് ബൂനു ഷോട്ട് തടുക്കാനായി ചാടിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.
30 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി റയൽ മഡ്രിഡാണ് പട്ടികയിൽ ഒന്നാമത്. 29 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായാണ് ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 30 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡും സെവിയ്യയമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
റയലിന് പിന്നിലാണെങ്കിലും ബാഴ്സക്ക് ഇനിയും കിരീട സാധ്യതയുണ്ട്. ശേഷിക്കുന്ന എട്ട് കളികളിൽ റയൽ ഒമ്പത് പോയിന്റ് നഷ്ടപ്പെടുത്തുകയും ബാഴ്സ എല്ലാ മത്സരവും ജയിക്കുകയും ചെയ്താൽ സാവിക്കും സംഘത്തിനും സ്‍പെയിനിലെ രാജാക്കൻമാരാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.