വെള്ളിത്തിരയിലും തിളങ്ങിയ പെലെ; വേഷമിട്ട ചിത്രങ്ങൾ നിരവധി
text_fieldsകളിക്കളത്തിൽ മാത്രമല്ല, വെള്ളിത്തിരയിലും തിളങ്ങിയ താരമാണ് വിടവാങ്ങിയ ബ്രസീലിന്റെ ഇതിഹാസ ഫുട്ബാളർ പെലെ. നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. പ്രശസ്ത ബോളിവുഡ് താരങ്ങൾക്കൊപ്പവും തന്റെ അഭിനയ മികവ് പ്രകടമാക്കിയ പെലെയുടെ പല സിനിമകളും ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുകയും ചെയ്തു. അഭിനയിച്ച ചിത്രങ്ങളിലധികവും ഫുട്ബാളുമായി ബന്ധപ്പെട്ടവയായിരുന്നു.
അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ച ശേഷം ഒരു ബ്രസീലിയന്‍ റൊമാന്‍റിക് കോമഡി ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്ക്രീനിലെ അരങ്ങേറ്റം. 1971ല്‍ ഇറങ്ങിയ ഓ ബരാവോ ഒട്ടെലോ നോ ബരാട്ടോ ഡോസ് ബിൽഹോസ് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. പെലെ എന്ന പേരിൽ തന്നെയായാണ് ഇതില്‍ വേഷമിട്ടത്.
1981ൽ പുറത്തിറങ്ങിയ ‘എസ്‌കേപ്പ് ടു വിക്ടറി’ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ ചിത്രം. നാസി തടങ്കലില്‍നിന്ന് ഫുട്ബാള്‍ കളിച്ച് രക്ഷപ്പെടുന്ന സൈനികരുടെ കഥ പറയുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളായ സിൽവസ്റ്റർ സ്റ്റാലനും മൈക്കൽ കെയ്‌നുമൊപ്പമാണ് പെലെ അതേ പേരില്‍ തന്നെ അഭിനയിച്ചത്. ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു ചിത്രം.
1972ൽ എ മാർച്ച എന്ന ചിത്രത്തിൽ ചിക്കോ ബോണ്ടേഡ് എന്ന മുഴുനീള കഥാപാത്രമായാണ് ബിഗ് സ്ക്രീനിൽ എത്തിയത്. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ അഫോൺസോ ഷ്മിത്തിന്‍റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.
1983ലെ ദ മൈനര്‍ മിറാക്കിള്‍ എന്ന ചിത്രത്തിൽ ഫുട്ബാള്‍ താരമായും കുട്ടികളുടെ പരിശീലകനായുമാണ് പെലെ എത്തുന്നത്. ഒരു കാലത്ത് തന്നെ രക്ഷിച്ച ഫാദറിന്‍റെ കുട്ടികളെയും അനാഥാലയത്തെയും രക്ഷിക്കുന്ന കഥയാണ് ഇതിൽ പറയുന്നത്.
1986ല്‍ ഇറങ്ങിയ ഹോട്ട്ഷോട്ട് എന്ന ചിത്രത്തില്‍ പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന ഒരു യുവകളിക്കാരനെ സഹായിക്കുന്ന ഫുട്ബാള്‍ താരമായി പെലെ എത്തുന്നു. സാന്‍റോസ് എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്.
1986ല്‍ തന്നെ പുറത്തിറങ്ങിയ ട്രപാൽഹോസ് ആൻഡ് ദ കിങ് ഓഫ് ഫുട്ബാൾ എന്ന ചിത്രത്തിൽ നാസിമെന്‍റെ എന്ന കളിക്കാരനും സ്പോര്‍ട്സ് ലേഖകനുമായാണ് പെലെ എത്തുന്നത്. ഇതില്‍ ട്രപാൽഹോസ് എന്ന ഫുട്ബാള്‍ ക്ലബിനെ വിജയവഴിയില്‍ എത്തിക്കാനുള്ള ഒരു സംഘത്തിന്‍റെ ശ്രമങ്ങളാണ് പറയുന്നത്.
1989ൽ ഇറങ്ങിയ ലോൺലിനസ്: എ ബ്യൂട്ടിഫുൾ ലൗ സ്റ്റോറി എന്ന ചിത്രത്തിലും പെലെ കഥാപാത്രമായെത്തി. 2001ല്‍ മൈക്ക് ബസറ്റ് ദ ഇംഗ്ലീഷ് മാനേജര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായും വേഷമിട്ടു.
2016ല്‍ ജെഫ് സിംബലിസ്റ്റ്, മൈക്കൽ സിംബലിസ്റ്റ് എന്നിവരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പെലെ: ബെർത്ത് ഓഫ് എ ലെജൻഡ്’ എന്നത് പെലെയുടെ ആദ്യകാല ജീവിതവും 1958 ലോകകപ്പ് നേട്ടവുമെല്ലാം പറയുന്ന ചിത്രമായിരുന്നു. ഇതില്‍ അതിഥി താരമായി പെലെയും എത്തുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.