പെലെയുടെ നില ഗുരുതരം; ഹൃദയത്തെയും വൃക്കയെയും ബാധിച്ച് കാൻസർ
text_fieldsസോക്കർ ഇതിഹാസം പെലെയുടെ അർബുദരോഗ ബാധ കൂടുതൽ വഷളായതായി ആശുപത്രി വൃത്തങ്ങൾ. ഹൃദയത്തിലേക്കും വൃക്കകളിലേക്കും രോഗം പടർന്നതോടെ കൂടുതൽ പരിചരണം ആവശ്യമാണെന്നും ക്രിസ്മസ് ആഘോഷം വീട്ടിലാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഒരു വർഷം മുമ്പ് അർബുദംവന്ന് വൻകുടൽ നീക്കം ചെയ്ത ശേഷം ഇടവിട്ട് ആശുപത്രി ചികിത്സ തേടി വരികയായിരുന്നു. കഴിഞ്ഞ നവംബർ അവസാനത്തിൽ ശ്വസന പ്രശ്നങ്ങളെ തുടർന്ന് ബ്രസീൽ നഗരമായ സവോപോളോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ലോകകപ്പിൽ ടീമിന്റെ പ്രകടനത്തെ കുറിച്ചും അർജന്റീന കപ്പുയർത്തിയതിനെ കുറിച്ചും താരം പ്രതികരിച്ചിരുന്നു. എന്നാൽ, ആശുപത്രി വാസം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇടക്ക് അതിഗുരുതരമായെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു.
‘വീട്ടിലെ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവെച്ചതായി പെലെയുടെ മകൾ കെലി നാസിമെന്റോ ഇൻസ്റ്റയിൽ കുറിച്ചു. ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലെ പുതിയ കുടുംബത്തിനൊപ്പം ആഘോഷിക്കാമെന്നാണ് തീരുമാനമെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച അർജന്റീന ലോകകപ്പ് ജേതാക്കളായ ശേഷം ടീമിന്റെ ചിത്രം പങ്കുവെച്ച് മെസ്സി, എംബാപ്പെ എന്നിവരുടെയും മൊറോക്കോ ടീമിന്റെയും പ്രകടനത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.