ഫുട്ബാൾ ഇതിഹാസം പെലെ വിടവാങ്ങി
text_fieldsസാവോപോളോ: കാൽപന്തിന്റെ മായാജാലം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പതിവ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്.
കുറച്ചുദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രിവിട്ട പെലെയെ ഡിസംബറിൽ കീമോ തെറാപ്പിക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡീഗോ മറഡോണ വിടപറഞ്ഞതിനു പിന്നാലെ പെലെയും മറയുന്നതോടെ കാൽപന്തു ലോകത്തിന് സമീപ കാലത്തായി നഷ്ടമായത് ലോകംകണ്ട രണ്ട് ഇതിഹാസ താരങ്ങളെയാണ്.
ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്ന പെലെ മൂന്നു ലോകകപ്പ് നേടിയ ഏക താരമാണ്. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളിലാണ് പെലെയുടെ കൈയൊപ്പ് പതിഞ്ഞത്. ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിലെ സാന്റോസിന്റെ ഇതിഹാസ താരമായ പെലെ ക്ലബിനായി 659 മത്സരങ്ങളിൽ 643 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.
കരിയറിന്റെ അസ്തമയ കാലത്ത് ന്യൂയോർക്ക് കോസ്മോസിനായി പന്തുതട്ടി 107 കളികളിൽ 66 ഗോളുകളും നേടി. 22 വർഷം നീണ്ട കരിയറിൽ ഈ രണ്ടു ക്ലബുകൾക്കല്ലാതെ പെലെ കളിച്ചിട്ടില്ല. 1,363 കളികളിൽ 1,279 ഗോളുകളുമായി ഗിന്നസ് ലോക റെക്കോഡിലും പെലെയുടെ പേരുണ്ട്. എന്നാൽ, ഇവയിൽ പല ഗോളുകളും ഫുട്ബാൾ വിദഗ്ധർ അംഗീകരിക്കുന്നവയല്ല.
20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി ഫിഫ 2000ൽ തെരഞ്ഞെടുത്തത് പെലെയെയും ഡീഗോ മറഡോണയെയുമായിരുന്നു. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റസ്റ്റിക്സിന്റെ (ഐ.എഫ്.എഫ്.എച്ച്.എസ്) നൂറ്റാണ്ടിലെ താരമായും പെലെ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയ പെലെ 1995 ജനുവരി ഒന്നു മുതൽ 1998 മേയ് ഒന്നുവരെ കായിക മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.