മലപ്പുറത്തിൻ ഹൃദയത്തിൽ എന്നും പെലെ
text_fieldsമലപ്പുറം: കാൽപന്ത് ഇതിഹാസം പെലെ വിട പറഞ്ഞതിൽ കണ്ണീരോടെ മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾ. എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന ഫുട്ബാൾ ഇതിഹാസത്തിന് മലപ്പുറം ബാഷ്പാഞ്ജലികൾ അർപ്പിക്കുകയാണ്.
പെലെയുടെ മരണ വാർത്ത ലോകമാകെ പരന്നപ്പോൾ ലോക ഫുട്ബാളിന് സമ്മാനിച്ച അപൂർവ നിമിഷങ്ങളാണ് ഓരോ ആരാധകന്റെയും മനസ്സിലൂടെ കടന്നുപോയത്.
സമൂഹ മാധ്യമങ്ങളിലടക്കം വെള്ളിയാഴ്ച പുലർച്ച മുതൽ ആരാധകരുടെ വിട നൽകിയുള്ള പോസ്റ്റുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ വിട നൽകി ഫ്ലക്സുകളും ഉയർന്നു. ജില്ലയിൽ ഏറെ ആരാധകരുള്ള ബ്രസീൽ ഫാൻസിന്റെ നേതൃത്വത്തിലും വിവിധ ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും ഫ്ലക്സുകൾ ഉയർന്നു. കൂടാതെ പ്രത്യേക അനുശോചന യോഗങ്ങളും നടന്നു.
ജില്ലയുടെ ഫുട്ബാൾ ഇടങ്ങളിൽ പെലെക്കും വിടവാങ്ങിയ മറ്റൊരു ഇതിഹാസ താരം മറഡോണക്കുമുള്ള സ്ഥാനം ഉയരങ്ങളിലാണ്. ഇവർ എങ്ങനെ പ്രിയപ്പെട്ടവരാകുന്നു എന്ന് ചോദിച്ചാൽ ആരാധകർക്കെല്ലാം ഒരേ ഉത്തരം, ഇവർ പന്തുകൊണ്ട് ജാലവിദ്യ കാണിച്ചവരായിരുന്നു.
‘മനസ്സിലുണ്ടാകും’
ചെറുപ്പം മുതലേ കേട്ടുതുടങ്ങിയ പേരുകളാണ് പെലെയും മറഡോണയും. ബ്രസീൽ ഫുട്ബാളിന് മികച്ച സംഭാവനകൾ നൽകിയ ഇതിഹാസമാണ് പെലെ. അദ്ദേഹം ഫുട്ബാൾ ലോകത്തിന് സമ്മാനിച്ച അമൂല്യ നിമിഷങ്ങൾ ഏതൊരു ആരാധകനും എന്നും മനസ്സിലുണ്ടാകും. ഏറെ സങ്കടകരമാണീ വിയോഗം.
പി.കെ. സഫീർ ഫുട്ബാൾ ആരാധകൻ
‘വേർപാട് ദുഃഖകരം’
ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ ഏറെ ദുഃഖകരമായ വാർത്തയാണിത്. അദ്ദേഹത്തിന്റെ മാന്ത്രിക ഫുട്ബാൾ ആരെയും ആകർഷിക്കുന്നതായിരുന്നു. വരുംതലമുറ താരങ്ങൾക്കെല്ലാം പ്രചോദനമാകുന്ന താരം കൂടിയായിരുന്നു അദ്ദേഹം.
ഷഫീഖ് ഫുട്ബാൾ ആരാധകൻ
‘ആദരവ് വാങ്ങിയ വ്യക്തി’
ഫുട്ബാൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുന്ന ഒരു താരമാണ് പെലെ. എല്ലാവരുടെയും ആദരവും ഏറ്റുവാങ്ങി ഒരു വിവാദത്തിലും ഉൾപ്പെടാതെ മുന്നേറിയ വ്യക്തിയാണ്. ഫുട്ബാളിനെ രാഷ്ട്രീയമായും ഉപയോഗിക്കാനായി. ആഫ്രിക്കയിലെ അഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ വരെ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിച്ചു. സിനിമകളിൽ അഭിനയിച്ചും പ്രതിഭ തെളിച്ചു.
ഷൗക്കത്ത് ഉപ്പൂടൻ, ഫുട്ബാൾ നിരീക്ഷകൻ
‘മറ്റുള്ളവർക്ക് മാതൃക’
ഫുട്ബാൾ ചരിത്രത്തിൽതന്നെ എണ്ണംപറഞ്ഞ ഗോളുകൾ സംഭാവന ചെയ്ത ഇതിഹാസമാണ് പെലെ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഏവരെയും ആകർഷിച്ചു. പ്രയാസം നിറഞ്ഞ ചെറുപ്പകാലത്തിൽ നിന്ന് ഉയർന്നുവന്ന് ലോക ഫുട്ബാളിന്റെ നെറുകയിലെത്തിയ അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ്. ഉയർന്നതലത്തിൽ നിൽക്കുമ്പോഴും മികവുറ്റ പ്രകടനം നടത്തുന്ന കളിക്കാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മറന്നിരുന്നില്ല. ഈ വിടവ് നികത്താനാകാത്തതാണ്.
സി. സുരേഷ് ജില്ല ജോയന്റ് സെക്രട്ടറി, ഡി.എഫ്.എ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.